കാമുകിയെ ഞാന്‍ ചതിച്ചിട്ടില്ല! ആകെയുണ്ടായിരുന്ന പ്രണയം മല്ലികയോട്, ജഗതി പറഞ്ഞത്
കൊച്ചി:ഹാസ്യ സാമ്രാട്ട് എന്നാണ് നടന്‍ ജഗതി ശ്രീകുമാര്‍ അറിയപ്പെടുന്നത്. മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാവായിരുന്ന ജഗതിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാഹനാപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായ താരം കുടുംബത്തോടൊപ്പമാണ് ജന്മദിനം ആഘോഷമാക്കിയത്.
ജഗതിയുടെ ജീവിതത്തിലെ ചില തുറന്ന് പറച്ചിലുകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. തന്റെ ജീവിതത്തില്‍ ആകെ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളുവെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ നടന്‍ വെളിപ്പെടുത്തിയത്. പത്തൊന്‍പതാമത്തെ വയസില്‍ വിവാഹം കഴിക്കുകയും പിന്നീട് വേര്‍പിരിയേണ്ടി വന്നതിനെ കുറിച്ചുമൊക്കെ ജഗതി തുറന്ന് പറഞ്ഞിരുന്നു.
നടി മല്ലിക സുകുമാരനെ ആദ്യം വിവാഹം കഴിച്ചതിനെ പറ്റി നടന്‍ പങ്കുവെച്ച കാര്യങ്ങളാണ് ജന്മദിനത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച് കൊണ്ടിരിക്കുന്നത്.
‘തന്റെ ആദ്യ പ്രണയം കോളേജില്‍ പഠിക്കുമ്പോഴാണെന്നാണ് ജഗതി പറയുന്നത്. അന്ന് പതിനേഴ് വയസുണ്ടാവും. പത്തൊന്‍പതാമത്തെ വയസില്‍ ആ പ്രണയം സാഫല്യമാക്കിയ ആളാണ് ഞാന്‍. അതൊരു തമാശ പ്രേമമൊന്നും ആയിരുന്നില്ല. ഞങ്ങള്‍ വിവാഹിതരായി. ആ ബന്ധം പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് വേര്‍പ്പെടുത്തുന്നത്. പിന്നെ ഞാനൊരു അറേഞ്ച്ഡ് മ്യാരേജിന് വിധേയനായെന്നാണ്’, ആദ്യ വിവാഹത്തെ പറ്റി ജഗതി പറഞ്ഞത്.
കാമുകിയെ ചതിച്ചില്ലെന്നൊരു തെറ്റേ ഞാന്‍ ചെയ്തുള്ളു. അതാണന്റെ ആദ്യ പ്രണയം. ആ ഒരു പ്രണയം മാത്രമേ ഉണ്ടായിട്ടുള്ളു. കോളേജിലൊക്കെ പഠിക്കുമ്പോള്‍ അഭിനയിക്കുന്നത് കൊണ്ട് പല പെണ്‍കുട്ടികള്‍ക്കും എന്നെ ഇഷ്ടമായിരുന്നു. പക്ഷേ എനിക്ക് പ്രണയം ഒന്ന് മാത്രമേ ഉണ്ടായിട്ടുള്ളു. ഇന്നത്തെ പോലെ സ്വതന്ത്ര്യമൊന്നും അന്നില്ല. കോളേജില്‍ കമിതാക്കള്‍ക്ക് ഒക്കെ വളരെ നിയന്ത്രണമാണ്. ഒരുമിച്ച് പുറത്ത് പോവാനോ സിനിമ കാണാനോ ഒന്ന് സംസാരിക്കാന്‍ പോലുമുള്ള സ്വതന്ത്ര്യം അന്നില്ല. അങ്ങനൊരു കാലഘട്ടത്തിലാണ് തനിക്ക് പ്രണയമുണ്ടായതെന്നാണ് ജഗതി പറഞ്ഞത്.
അപക്വമായ പ്രായത്തില്‍ പ്രണയം ഉണ്ടായി പോയി എന്നേയുള്ളു. കൗമാരത്തിന്റെ ചാപല്യമായിരുന്നു അതെന്ന് ഇപ്പോഴെനിക്ക് തോന്നുന്നുണ്ട്. എന്ന് കരുതി പ്രണയത്തോട് എനിക്ക് വിരോധമില്ല. എന്റെ മക്കളുടെ പ്രണയത്തെയും ഞാന്‍ എതിര്‍ത്തിട്ടില്ലെന്ന് നടന്‍ വ്യക്തമാക്കുന്നു.
പ്രണയമാണഎങ്കിലും അതിന്റെ സുഖദുഃഖങ്ങള്‍ ഒരുമിച്ച് പങ്കിടാന്‍ തയ്യാറാകുമെങ്കില്‍ മാത്രമാണ് പ്രണയം നല്ലതാകുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു ബുദ്ധിമുട്ട് വരുമ്പോള്‍ ദമ്പതിമാര്‍ മാറി നിന്നാല്‍ അതൊരു സാഫല്യമാവില്ല. എന്റെ കാര്യത്തില്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോള്‍ പിരിയേണ്ടി വന്നതാണ് ആ ബന്ധം തകരാന്‍ കാരണമെന്നാണ് നടന്‍ പറയുന്നത്.
നടി മല്ലിക സുകുമാരനും ജഗതി ശ്രീകുമാറും കോളേജ് കലോത്സവത്തില്‍ വെച്ച് കണ്ടതിന് ശേഷമാണ് ഇഷ്ടത്തിലാവുന്നത്. ഇരുവരും കലാകാരന്മാര്‍ ആയതിനാല്‍ വളരെ പെട്ടെന്ന് അടുപ്പത്തിലാവുകയായിരുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച് ഒളിച്ചോടി പോവുകയായിരുന്നു.
അങ്ങനെ വളരെ ചെറിയ പ്രായത്തില്‍ വിവാഹിതാരയ താരങ്ങള്‍ വര്‍ഷങ്ങളോളം ഒരുമിച്ച് താമസിച്ചതിന് ശേഷമാണ് വേര്‍പിരിയുന്ന സാഹചര്യത്തിലേക്ക് എത്തിയത്. ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് മല്ലികയും ജഗതിയും അഭിനയത്തിലും സജീവമാകുന്നത്. സാമ്പത്തികമായിട്ടും അല്ലാതെയുമുള്ള പല പ്രശ്‌നങ്ങള്‍ കൊണ്ടാണ് ഞങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ വന്ന് തുടങ്ങിയതെന്ന് മുന്‍പ് മല്ലിക സുകുമാരനും പറഞ്ഞിരുന്നു.