ശങ്കരംകുളങ്ങര മണികണ്ഠന്‍ ചരിഞ്ഞു

തൃശൂര്‍: തൃശൂര്‍ പൂരത്തിൽ സ്ഥിര സാന്നിധ്യമായിരുന്ന ശങ്കരംകുളങ്ങര മണികണ്ഠന്‍ ചരിഞ്ഞു. 70 വയസായിരുന്നു. വാര്‍ധക്യത്തിന്റെ അവശതയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ അഞ്ചര പതിറ്റാണ്ടോളം തൃശൂര്‍ പൂരത്തിന്റെ ആവേശമായിരുന്നു മണികണ്ഠന്‍. 58 വര്‍ഷത്തോളമാണ് തൃശൂര്‍ പൂരത്തിന് എഴുന്നള്ളിപ്പില്‍ മണികണ്ഠന്‍ അണിനിരന്നത്. തിരുവമ്പാടി ദേവസ്വത്തിനായിരുന്നു എഴുന്നള്ളിപ്പ്. ഇതൊരു റെക്കോഡാണ്. 

തൃശൂര്‍ പൂരത്തിന്റെ പറയെടുപ്പു മുതല്‍ മഠത്തില്‍ വരവ് ഇറക്കിയെഴുന്നള്ളിപ്പില്‍ വരെ നിറഞ്ഞുനിന്നിരുന്നു മണികണ്ഠന്‍. തൃശൂര്‍ പൂരത്തില്‍ മറ്റൊരാനയും ഇത്രയധികം കാലം എഴുന്നെള്ളിപ്പില്‍ പങ്കെടുത്തിട്ടില്ല. കഴിഞ്ഞവര്‍ഷം മഠത്തിലേക്കുള്ള വരവില്‍ തിടമ്പേറ്റിയതും നെയ്തലക്കാവ് ഭഗവതിയുടെ കോലമേന്തിയതും മണികണ്ഠനാണ്. നിലമ്പൂരിലെ കാട്ടില്‍ നിന്ന് മൂന്നാം വയസിലാണ് മണികണ്ഠനെ ശങ്കരംകുളങ്ങര ദേവസ്വം സ്വന്തമാക്കിയത്. 

ലീഡര്‍ കെ കരുണാകരന്റെ പ്രത്യേക താല്‍പര്യ പ്രകാരമായിരുന്നു ഇത്. അന്ന് പാറമേക്കാവ് രാജേന്ദ്രന്‍ മാത്രമായിരുന്നു പൂരനഗരത്തിലെ കൊമ്പന്‍. മൂന്നാം വയസില്‍ ശങ്കരംകുളങ്കര ദേവസ്വത്തിലെത്തിയ മണികണ്ഠന്‍ പറയെഴുന്നള്ളിപ്പുകളിലൂടെ ആനക്കമ്പക്കാരുടെ മനം കവര്‍ന്നു.  അഞ്ച് പതിറ്റാണ്ടോളം മഠത്തില്‍വരവ് എഴുന്നള്ളിപ്പ് തിടമ്പേറ്റി.

 ശാന്തസ്വഭാവക്കാരനായ മണികണ്ഠനെയാണ് തൃശൂര്‍ പൂരം വെടിക്കെട്ടിന് തിരുവമ്പാടി ദേവസ്വം പന്തലില്‍ തിടമ്പുമായി എഴുന്നള്ളിച്ച് നിര്‍ത്തിയിരുന്നത്. പിന്നീട് പൂരം എഴുന്നള്ളിപ്പുകളില്‍ സജീവസാന്നിധ്യമായി. ശങ്കരംകുളങ്ങര ഉദയന്‍ മാത്രമാണ്
ശങ്കരംകുളങ്ങര ദേവസ്വത്തില്‍ അവശേഷിക്കുന്ന ആന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News