NationalNews

ഉത്തരേന്ത്യയിലെ കനത്ത മഴയ്ക്ക് കാരണമിതാണ്, കാലാവസ്ഥാ വകുപ്പ് പറയുന്നതിങ്ങനെ

ഡൽഹി: പടിഞ്ഞാറൻ അസ്വസ്ഥതയും (Western Disturbance) മൺസൂണും തമ്മിലുള്ള പരസ്പര ബന്ധമാണ് ഉത്തരേന്ത്യയിലെ കനത്ത മഴയ്ക്ക് കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ ഇടപെടൽ കനത്തത് ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, വടക്കൻ പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് കാരണമായി.

ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്. നഗരങ്ങളിലും പട്ടണങ്ങളിലും നിരവധി റോഡുകളും കെട്ടിടങ്ങളും വെള്ളത്തിലാണ്. ഡൽഹിയിൽ സർക്കാർ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യമുന നദിയിലേക്ക് ഹരിയാന ഹത്നികുണ്ഡ് അണക്കെട്ടിൽ നിന്ന് ഒരു ലക്ഷം ക്യുസെക്സിൽ വെളളം തുറന്നുവിട്ടതിന് പിന്നാലെയാണ് പ്രദേശത്ത് പ്രളയ സാധ്യതയ്ക്കുള്ള മുന്നറിയിപ്പ് നൽകിയത്. പ്രളയനിവാരണ വകുപ്പിന്റെ കണക്ക് പ്രകാരം 205.33 മീറ്ററായിരുന്നു തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് യമുന നദിയിലെ ജലനിരപ്പ്.

ഞായറാഴ്ച വൈകിട്ടോടെ 1,05,453 ക്യുസെക്‌സ് വെള്ളം യമുന നദിയിലേക്ക് ഒഴുക്കിയെന്ന് ഡല്‍ഹി ജലസേചന-പ്രളയനിവാരണ വകുപ്പ് വ്യക്തമാക്കി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്നായിരുന്നു അണക്കെട്ട് തുറന്നത്. സാധാരണനിലയില്‍ 352 ക്യുസെക്‌സ് വെള്ളമാണ് അണക്കെട്ടില്‍ നിന്ന് നദിയിലേക്ക് തുറന്നു വിടുന്നത്.

അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ 11-ഓടെ യമുന നദിയിലെ ജലനിരപ്പ് അപകട സൂചികയായ 205.33 മീറ്റര്‍ കടന്നേക്കുമെന്നാണ് സൂചന. നദീതീരത്തുള്ളവരെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

2,15,677 ക്യുസെക്സ് വെള്ളം മൂന്ന് മണിയോടെ ഹത്നികുണ്ഡ് അണക്കെട്ടിൽ നിന്ന് തുറന്നുവിട്ടതായാണ് പ്രളയ നിവാരണ വകുപ്പ് വ്യക്തമാക്കുന്നത്. നിലവിലുള്ള സാഹചര്യത്തെ നേരിടാൻ ഡൽഹി സർക്കാർ എല്ലാ ഒരുക്കങ്ങളും സജ്ജമാക്കിയതായി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.

‘206 മീറ്ററിന് മുകളിൽ ജലനിരപ്പ് എത്തിയാൽ ജനങ്ങളെ ഒഴിപ്പിച്ച് തുടങ്ങും. ഇതിനായി ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ജൂലൈ 11ഓടെ ജലനിരപ്പ് 205 മീറ്റർ പിന്നിടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, ഹരിയാനയിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടതോടെ നേരത്തെ തന്നെ ജലനിരപ്പ് ഉയരുകയായിരുന്നു’, അദ്ദേഹം പറഞ്ഞു.

ജൂൺ അവസാനത്തോടെ രാജ്യത്തുടനീളം 148.6 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഇത് സാധാരണ മഴയേക്കാൾ പത്ത് ശതമാനം കുറവാണ്. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ ജൂലൈ ആദ്യത്തിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിരുന്നു. ഇത്തവണ 243.2 മില്ലി മീറ്റർ മഴ ലഭിച്ചിട്ടുണ്ട്. ഇത് സാധാരണയായി ലഭിക്കുന്ന 239.1 മില്ലി മീറ്റർ മഴയിൽ നിന്ന് രണ്ട് ശതമാനം കൂടുതലാണെന്ന് കാലാവസ്ഥ കേന്ദ്രം പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കപ്പവുമുണ്ടായി. ഹൈവേകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും വ്യാപകമായ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീർ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും അടുത്ത രണ്ട് ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker