CricketKeralaNewsSports

Sanju v samson:വന്നിറങ്ങിയപ്പോള്‍ തന്നെ കപ്പയും മീനും വേണോ എന്നു ചോദിച്ചാണ് ഒരു ചേട്ടന്‍ എന്നെ വീഴ്ത്തിയത്…ഇവിടെ നല്ല മഴ, രണ്ടു ചേട്ടന്‍മാരുമായി സംസാരിച്ചിരിക്കുന്നു,വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും സഞ്ജു

ട്രിനിഡാഡ് വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന മത്സരങ്ങള്‍ കളിക്കാന്‍ ട്രിനിഡാഡിലെത്തിയ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആരാധകരുമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സ്റ്റേഡിയത്തിലെ കനത്ത മഴ കാരണം പരിശീലിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ആരാധകരോടു സംസാരിച്ചിരിക്കുന്നതെന്ന് വിഡിയോയില്‍ സഞ്ജു സാംസണ്‍ പറഞ്ഞു.

”എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ ഇവിടെ ട്രിനിഡാഡ്, പോര്‍ട്ട് ഓഫ് സ്‌പെയിനിലാണ്, നമ്മുടെ ചേട്ടന്‍മാര്‍ കൂടെയിരിപ്പുണ്ട്. വളരെ സന്തോഷം, വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ കപ്പയും മീനും വേണോ എന്നു ചോദിച്ചാണ് ഒരു ചേട്ടന്‍ എന്നെ വീഴ്ത്തിയത്. അതാണ് കരീബിയനിലെ ആദ്യത്തെ അനുഭവം. അപ്പോഴാണ് ആദ്യത്തെ മലയാളിയെ ഇവിടെ പരിചയപ്പെട്ടത്.

പരീശീലനത്തിനു വന്നപ്പോള്‍ ഭയങ്കര മഴയാണ്. അതുകൊണ്ടു രണ്ടു ചേട്ടന്‍മാരുമായി സംസാരിച്ച് ഇരിക്കുന്നു”- വിഡിയോയില്‍ സഞ്ജു പറഞ്ഞു. പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നാളെ വൈകിട്ട് 7 മുതലാണ് ഇന്ത്യ – വിന്‍ഡീസ് ആദ്യ ഏകദിനം. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാണു യുവ ഇന്ത്യന്‍ നിരയുമായി ബിസിസിഐ കരീബിയനിലെത്തിയത്.

നാളെയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ (WIvIND) ഏകദിന പരമ്പര ആരംഭിക്കുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴിനാണ് മത്സരം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി (Virat Kohli), റിഷഭ് പന്ത്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത്തിന്റെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. മലയാളിതാരം സഞ്ജു സാംസണും ടീമില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ പ്ലയിംഗ് ഇലവനില്‍ ഇടം ലഭിക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

പ്ലയിംഗ് ഇലവന്‍ തിരഞ്ഞെടുക്കുക പരിശീശലകന്‍ രാഹുല്‍ ദ്രാവിഡിന് തലവേദനയാവും. ആര് ഓപ്പണ്‍ ചെയ്യുമെന്നുള്ളത് പ്രധാന പ്രശ്‌നം. ധവാന്‍ ഒരറ്റത്തുണ്ടാവും. ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, റിതുരാജ് ഗെയ്കവാദ് എന്നിവരില്‍ ഒരാള്‍ ധവാന് കൂട്ടായെത്തും. കിഷനും ഇടങ്കയ്യനായ സാഹചര്യത്തില്‍ ഗെയ്കവാദിനും സഞ്ജുവിനുമാണ് കൂടുതല്‍ സാധ്യത. 

കിഷന്‍ മൂന്നാം സ്ഥാനത്ത് കളിച്ചേക്കും. ശ്രേയസ് അയ്യര്‍ നാലാം സ്ഥാനത്ത് കളിക്കും. സൂര്യകുമാര്‍ യാദവ് തൊട്ടുപിന്നാലെ വരും. മികച്ച ഫോമിലുള്ള ദീപക് ഹൂഡയും പിന്നീട് കളിച്ചേക്കാം. സഞ്ജുവിന് ഓപ്പണിംഗില്‍ സ്ഥാനം ലഭിച്ചില്ലെങ്കിലും മധ്യനിരയിലും കളിക്കില്ലെന്നര്‍ത്ഥം.

ഏഴാം സ്ഥാനത്ത് രവീന്ദ്ര ജഡേജ സ്ഥാനമുറപ്പിക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി യൂസ്‌വേന്ദ്ര ചാഹല്‍ ജഡേജയ്ക്ക് കൂട്ടുണ്ടാവും. ബാറ്റിംഗില്‍ ഭേദപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കെല്‍പ്പുള്ള  ഷാര്‍ദുല്‍ ഠാക്കൂറിന് അവസരം നല്‍കും. മുഹമ്മദ് സിറാജ് സ്ഥാനം നിലനിര്‍ത്തുകയും ചെയ്യും. അതോടൊപ്പം അര്‍ഷ്ദീപ് സിങ് അരങ്ങേറ്റം നടത്താനും സാധ്യതയേറെയാണ്. 

സാധ്യതാ ഇലവന്‍: ശിഖര്‍ ധവാന്‍, റിതുരാജ് ഗെയ്കവാദ്/ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, യൂസ്‌വേന്ദ്ര ചാഹല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button