30.6 C
Kottayam
Tuesday, May 7, 2024

സെലക്ടര്‍മാരെ കണ്ണുതുറന്നുകാണുക!എട്ട് ഫോറും ആറ് സിക്‌സറുമായി സെഞ്ച്വറിയടിച്ച് സഞ്ജു സാംസൺ

Must read

ആളൂര്‍:വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ സെഞ്ച്വറിയടിച്ച് കേരള നായകൻ സഞ്ജു സാംസൺ. റെയിൽവേസിനെതിരെയുള്ള മത്സരത്തിൽ 139 പന്തിൽനിന്നാണ് സഞ്ജു 128 റൺസടിച്ചത്. എട്ട് ഫോറും ആറ് സിക്‌സറുമടക്കമാണ് സെഞ്ച്വറി നേട്ടം.

ടീം സ്‌കോർ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 26ൽ നിൽക്കുമ്പോഴാണ് താരം കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. താരം നിറഞ്ഞുകളിച്ചെങ്കിലും കേരളം 18 റൺസിന് തോറ്റു. അവസാന ഓവറിൽ രാഹുൽ ശർമയുടെ പന്തിൽ പ്രാതം സിംഗിന് പിടികൊടുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണടിച്ചത്. എന്നാൽ മറുപടി ബാറ്റിംഗിൽ കേരളം 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 237 റൺസാണ് നേടിയത്. സഞ്ജുവിന് പുറമേ ശ്രേയസ് ഗോപാലും (53) കേരളത്തിനായി തിളങ്ങി. സെഞ്ച്വറി നേടിയ സാഹബ് യുവരാജ് സിംഗിന്റെ (121) അർധസെഞ്ച്വറി നേടിയ പ്രാതം സിംഗിന്റെ(61)യും മികവിലാണ് റെയിൽവേസ് വൻ സ്‌കോർ നേടിയത്.

ആഭ്യന്തര ക്രിക്കറ്റിൽ ഫോമില്ലായെന്ന വിമർശനങ്ങൾക്കിടയിലാണ് സഞ്ജു തകർപ്പൻ പ്രകടനം നടത്തിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്. ഈ പ്രകടനത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ താരത്തെ പുകഴ്ത്തിയും സെലക്ടർമാരെ വിമർശിച്ചും നിരവധി പേർ രംഗത്ത് വന്നു. ഏറ്റവും കുറച്ച് മാത്രം പരിഗണന കിട്ടിയ താരമാണ് സഞ്ജുവെന്നും എല്ലാ ഫോർമാറ്റിലും ഉൾപ്പെടുത്തേണ്ടിയിരുന്നുവെന്നും പലരും എക്‌സിൽ കുറിച്ചു.

ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പരക്കുള്ള ടീമിൽ സഞ്ജു ഇടംപിടിച്ചിട്ടുണ്ട്. മൂന്നു ഏകദിനങ്ങളാണ് ടീം കളിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week