27.5 C
Kottayam
Saturday, April 27, 2024

‘സഞ്ജു സാംസണ്‍ സൂപ്പര്‍ കൂള്‍ ക്യാപ്റ്റന്‍’; രാജസ്ഥാന്‍ റോയല്‍സ് നെറ്റ് ബൗളര്‍ പറയുന്നു

Must read

കാണ്‍പൂര്‍: ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ ‘സൂപ്പര്‍ കൂള്‍ ക്യാപ്റ്റന്‍’ എന്ന് വിശേഷിപ്പിക്കുന്നവരേറെ. സമ്മര്‍ദഘട്ടങ്ങളില്‍ പോലും കൂളായി ടീമിനെ സഞ്ജു കൈകാര്യം ചെയ്യുന്നതാണ് പതിനാറാം സീസണില്‍ ആരാധകര്‍ കണ്ടത്.

തൊട്ടുമുമ്പുള്ള സീസണില്‍ റോയല്‍സിനെ രാജകീയമായി മലയാളി ക്യാപ്റ്റന്‍ ഫൈനലില്‍ എത്തിക്കുകയും ചെയ്‌തു. സഹതാരങ്ങളോട് ആരും സഞ്ജു ഒരിക്കല്‍ പോലും ചൂടാവുന്നത് ആരാധകര്‍ കണ്ടിട്ടുണ്ടാവില്ല. ഇക്കാര്യം അരക്കിട്ടു ഉറപ്പിക്കുന്നതാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ നെറ്റ് ബൗളര്‍ മുഹമ്മദ് ഷാരീമിന്‍റെ വാക്കുകള്‍. 

‘സഞ്ജു സാംസണ്‍ സൂപ്പര്‍ കൂള്‍ മനുഷ്യനാണ്. രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുമ്പോള്‍ അദേഹം ഒരിക്കല്‍ പോലും സമ്മര്‍ദത്തിലാണ് എന്ന് തോന്നിയിട്ടില്ല. വളരെയധികം ചിന്തിക്കുകയും തന്‍റെ ബൗളര്‍മാരെ നന്നായി ഉപയോഗിക്കുകയും ചെയ്യുന്ന ക്യാപ്റ്റനാണ് സഞ്ജു. മാത്രമല്ല, പ്രതിഭയുള്ള താരങ്ങളെ കണ്ടെത്താനുള്ള മിടുക്കും സഞ്ജുവിനുണ്ട്.

കഴിവുണ്ട് എന്ന് തോന്നിയാല്‍ ആ താരത്തിന് അവസരം കൊടുക്കുകയും മുന്നോട്ട് പോകാന്‍ സഹായിക്കുകയും ചെയ്യും. സഞ്ജു സാംസണ്‍ അടക്കമുള്ള വമ്പന്‍ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായത് വലിയ അനുഭവമാണ്. യോര്‍ക്കര്‍ കിംഗാണ് ലസിത് മലിംഗ. യോര്‍ക്കറുകള്‍ എറിയാന്‍ ഞാനേറെ കാര്യങ്ങള്‍ അദേഹത്തില്‍ നിന്ന് പഠിച്ചു.

ബാറ്റര്‍മാരുടെ മനസ് വായിച്ച് സ്ലോ ബോളുകള്‍ എറിയാനും ശീലിച്ചു. ട്രെന്‍റ് ബോള്‍ട്ടില്‍ നിന്ന് മനസിലാക്കിയ കാര്യം, അദേഹം കൃത്യ സ്ഥലത്ത് പന്തെറിയുന്നതും ഡെത്ത് ഓവറുകളിലെ ബൗളിംഗും പന്ത് സ്വിങ് ചെയ്യിപ്പിക്കുന്ന രീതികളുമാണ്’ എന്നും മുഹമ്മദ് ഷാരീം പറഞ്ഞു. 

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള മുഹമ്മദ് ഷാരീം 2021ലാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ നെറ്റ് ബൗളറായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. തൊട്ടടുത്ത വര്‍ഷവും താരത്തെ റോയല്‍സ് നിലനിര്‍ത്തി.

രാജസ്ഥാന്‍ റോയല്‍സിന്‍റെ ഹൈ-പെര്‍ഫോമന്‍സ് പേസ് ബൗളിംഗ് കോച്ചായ സ്റ്റെഫാന്‍ ജോണ്‍സില്‍ നിന്ന് ഏറെ പഠിക്കാനായി എന്നും മുഹമ്മദ് ഷാരീം വ്യക്തമാക്കി. 135 കിലോമീറ്റര്‍ സ്‌പീഡില്‍ പന്തെറിഞ്ഞിരുന്ന താനിപ്പോള്‍ ജോണ്‍സിന്‍റെ പരിശീലനത്തിന് കീഴില്‍ 137 ഉം 140 ഉം കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്നതായും മുഹമ്മദ് ഷാരീം കൂട്ടിച്ചേര്‍ത്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week