പറ്റ്ന: രഞ്ജി ട്രോഫിയില്‍ ബിഹാറിനെതിരായ ജീവന്‍മരണപ്പോരാട്ടത്തില്‍ കേരളത്തെ നയിക്കാന്‍ ഇന്ന് സഞ്ജു സാംസണ്‍ ഇല്ലാത്തതിന്‍റെ ഞെട്ടലിലാണ് ആരാധകര്‍. രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളില്‍ നാലു പോയന്‍റ് മാത്രമുള്ള കേരളത്തിന് നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്താന്‍ ദുര്‍ബലരായ ബിഹാറിനെതിരെ വമ്പൻ ജയം അനിവാര്യമാണ്. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ സഞ്ജുവിന് പകരം വൈസ് ക്യാപ്റ്റനായ രോഹന്‍ കുന്നുമ്മല്‍ ആണ് കേരളത്തെ നയിക്കുന്നത്.
വ്യക്തിപരമായ കാരണങ്ങളാലാണ് സഞ്ജു മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ആലപ്പുഴയില്‍ നടന്ന ഉത്തര്‍പ്രദേശിനെതിരായ ആദ്യ മത്സരത്തില്‍ കേരളത്തെ നയിച്ച സഞ്ജുവിന് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യൻ ടീമിലെത്തിയതിനാല്‍ രണ്ടാം മത്സരത്തില്‍ കളിക്കാനായിരുന്നില്ല. എന്നാല്‍ തിരുവനന്തപുരത്ത് നടന്ന മുംബൈക്കെതിരായ മൂന്നാം മത്സരത്തില്‍ സഞ്ജു തിരിച്ചെത്തിയെങ്കിലും മുംബൈക്കെതിരെ കേരളം തോല്‍വി വഴങ്ങി.
ബാറ്റിംഗ് നിര അവസരത്തിനൊത്ത് ഉയരാത്തതാണ് കഴിഞ്ഞ മത്സരങ്ങളിലെല്ലാം കേരളത്തിന് തിരിച്ചടിയായത്. ആദ്യ മത്സരത്തില്‍ സച്ചിന്‍ ബേബി നേടിയ സെഞ്ചുറി ഒഴിച്ചാല്‍ കേരള ബാറ്റര്‍മാരുടെ ഭാഗത്തു നിന്ന് ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും ഉണ്ടായിട്ടില്ല. ബൗളിംഗ് നിര ഫോമിലാണെങ്കിലും ബാറ്റിംഗ് നിരയുടെ മങ്ങിയ പ്രകടനമാണ് കേരളത്തിന് ആദ്യ മൂന്ന് കളികളിലും തിരിച്ചടിയായത്.
സഞ്ജു കൂടി ഇല്ലാത്ത ബാറ്റിംഗ് നിരക്ക് ദുര്‍ബലരായ ബിഹാര്‍ വലിയ വെല്ലുവിളിയാകില്ലെന്നാണ് കരുതുന്നത്. സ്വന്തം നാട്ടില്‍ കളിക്കുന്നതിന്‍റെ ആനുകൂല്യം ബിഹാറിനുണ്ട്. ക്രിക്കറ്റ് അസോസിയേഷനിലെ തര്‍ക്കം കാരണം മുംബൈക്കെതിരായ മത്സരത്തിന് ബിഹാറിന്‍റെ രണ്ട് ടീമുകള്‍ മത്സരദിവസം ഗ്രൗണ്ടിലെത്തിയത് ബിഹാറിന് നാണക്കേടാവുകയും ചെയ്തിരുന്നു. കേരളത്തിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ബിഹാര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തിട്ടുണ്ട്.സഞ്ജുവിന് പകരം ആനന്ദ് കൃഷ്ണനാണ് ഇന്ന് കേരളത്തിനായി പ്ലേയിംഗ് ഇലവനില്‍ എത്തിയത്.