അവസാന പന്തില്‍ സഞ്ജുവിന് സെഞ്ചുറി, ചെന്നൈക്കെതിരെ മുംബൈക്ക് കൂറ്റന്‍ വിജയലക്ഷ്യം

മുംബൈ: ഐപിഎല്ലിൽ ഒരിക്കൽ കൂടി സഞ്ജു സാംസൺ കത്തിക്കയറിയപ്പോൾ മുംബൈക്കെതിരേ മികച്ച സ്‌കോറുയർത്തി ചെന്നൈ സൂപ്പർ കിങ്‌സ്. നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 207 റൺസെടുത്തു. തകർച്ച നേരിട്ട ചെന്നൈയെ സഞ്ജു സാംസണിന്റെ ബാറ്റിങ്ങാണ് രക്ഷിച്ചത്. സ‍ഞ്ജു സെഞ്ചുറിയോടെ തിളങ്ങി. താരം 54 പന്തിൽ നിന്ന് 101 റൺസെടുത്തു. ഈ സീസൺ ഐപിഎല്ലിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്. പരിക്കേറ്റ മഹേന്ദ്ര സിങ് ധോനി തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും വ്യാഴാഴ്ച കളിക്കാനിറങ്ങിയിരുന്നില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെത് തകർപ്പൻ തുടക്കമായിരുന്നു. സഞ്ജു സാംസണും നായകൻ ഋതുരാജ് ഗെയ്ക്വാദും അടിച്ചുകളിച്ചതോടെ സ്‌കോർ കുതിച്ചു. 14 പന്തിൽ നിന്ന് 22 റൺസെടുത്ത് ഗെയ്ക്വാദ് പുറത്തായി. പിന്നാലെ സഞ്ജു വെടിക്കെട്ടോടെ കളം നിറയുന്നതാണ് കണ്ടത്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ നാലാം ഓവറിൽ 19 റൺസാണ് ചെന്നൈ അടിച്ചെടുത്തത്. പിന്നീടിറങ്ങിയ സർഫറാസ് ഖാൻ(14) വേഗം പുറത്തായെങ്കിലും സഞ്ജു ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തി. അതോടെ ആറോവറിൽ ടീം 73 റൺസിലെത്തി.

ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും സഞ്ജു സാംസൺ മറുവശത്ത് വെടിക്കെട്ടൊരുക്കി. ഏറെക്കുറെ ഒറ്റയ്ക്കാണ് സഞ്ജു ടീമിനെ മുന്നോട്ടുകൊണ്ടുപോയത്. ശിവം ദുബെ വെറും അഞ്ച് റൺസ് മാത്രമെടുത്ത് പുറത്തായി. ഡെവാൾഡ് ബ്രവിസിനൊപ്പം സഞ്ജു ചെന്നൈ സ്‌കോർ നൂറുകടത്തി. പത്തോവറിൽ 111-3 എന്ന നിലയിലായിരുന്നു ടീം. പിന്നാലെ സഞ്ജുവിന്റെ ഫിഫ്റ്റിയെത്തി. 26 പന്തിൽ നിന്നാണ് താരം അർധസെഞ്ചുറി തികച്ചത്. 11 പന്തിൽ നിന്ന് 21 റൺസെടുത്ത് ബ്രവിസും പിന്നാലെ കൂടാരം കയറി.

അഞ്ചാം വിക്കറ്റിൽ കാർത്തിക് ശർമയുമൊത്താണ് മലയാളി താരം പിന്നീട് സ്‌കോർ ഉയർത്തിയത്. സിക്‌സറും ഫോറുകളുമായി മുംബൈ ബൗളർമാരെ സഞ്ജു തകർത്തടിച്ചു. 15 ഓവറിൽ 149-4 എന്ന നിലയിലായിരുന്നു ചെന്നൈ. 16-ാം ഓവറിൽ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 15 റൺസാണ് സഞ്ജു അടിച്ചെടുത്തത്. പിന്നാലെ കാർത്തിക് 18 റൺസെടുത്തും ജാമി ഓവർട്ടൺ 15 റൺസെടുത്തും മടങ്ങി. അവസാനഓവറുകളിൽ സഞ്ജു തകർത്തടിച്ചതോടെ സ്കോർ 200 കടന്നു. അവസാന ഓവറിൽ മൂന്ന് സിക്സറോടെ താരം സെഞ്ചുറി പൂർത്തിയാക്കി. സഞ്ജു 54 പന്തിൽ നിന്ന് 101 റൺസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News