പോര്‍ട്ട് ഓഫ് സ്‌പെയിന്‍:വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസണ്‍ എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആക്രമിച്ച് കളിച്ച ഇരുവരും വെറും 13.2 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. ഒപ്പം ഇഷാന്‍ കിഷന്‍ അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത കിഷന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറിയാണിത്. പിന്നാലെ ഗില്ലും അര്‍ധസെഞ്ചുറി കണ്ടെത്തി. പരമ്പരയില്‍ ഗില്‍ ആദ്യമായി നേടിയ അര്‍ധസെഞ്ചുറി കൂടിയാണിത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഗില്ലിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.
ആക്രമിച്ച് കളിച്ച കിഷന്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ 19-ാം ഓവറിലെ നാലാം പന്തില്‍ താരം പുറത്തായി. യാന്നിക് കാരിയയുടെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച കിഷനെ ഷായ് ഹോപ്പ് സ്റ്റംപ് ചെയ്ത് പുറത്താക്കി. 64 പന്തില്‍ നിന്ന് എട്ട് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 77 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. ആദ്യ വിക്കറ്റില്‍ ഗില്ലിനൊപ്പം 143 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും താരത്തിന് സാധിച്ചു.
പിന്നാലെ വന്ന ഋതുരാജ് ഗെയ്ക്‌വാദ് നിരാശപ്പെടുത്തി. വെറും എട്ട് റണ്‍സ് മാത്രമെടുത്ത താരത്തെ അല്‍സാരി ജോസഫ് പുറത്താക്കി. നാലാമനായി ക്രീസിലെത്തിയ മലയാളിതാരം സഞ്ജു സാംസണ്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. നേരിട്ട രണ്ടാം പന്തില്‍ തന്നെ ട്വന്റി 20 ശൈലിയില്‍ ബാറ്റുവീശിയ താരം അനായാസം സ്‌കോര്‍ ഉയര്‍ത്തി. ഗില്ലിനൊപ്പം ടീം സ്‌കോര്‍ 200 കടത്തിയ സഞ്ജു പിന്നാലെ അര്‍ധസെഞ്ചുറി നേടി. താരത്തിന്റെ മൂന്നാം അര്‍ധസെഞ്ചുറി കൂടിയാണിത്. വെറും 39 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്.
എന്നാല്‍ അര്‍ധസെഞ്ചുറിയ്ക്ക് പിന്നാലെ സഞ്ജു പുറത്തായി. റൊമാരിയോ ഷെപ്പേര്‍ഡിന്റെ പന്തില്‍ ബൗണ്ടറി നേടാന്‍ ശ്രമിച്ച താരം ഹെറ്റ്‌മെയര്‍ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 41 പന്തില്‍ നിന്ന് രണ്ട് ഫോറും നാല് സിക്‌സുമടക്കം 51 റണ്‍സെടുത്താണ് സഞ്ജു ക്രീസ് വിട്ടത്.
ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റമാണുള്ളത്. ഉമ്രാന്‍ മാലിക്കിന് പകരം ജയ്‌ദേവ് ഉനദ്കട്ടും അക്ഷര്‍ പട്ടേലിന് പകരം ഋതുരാജ് ഗെയ്ക്‌വാദും ടീമിലിടം നേടി. സഞ്ജു ഇത്തവണ നാലാമനായി കളിക്കും. രോഹിത്തിന്റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്.
ആദ്യമത്സരം ആധികാരികമായി ജയിച്ച ഇന്ത്യയെ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസ് ആറുവിക്കറ്റിന് തോല്‍പ്പിച്ചു. ഇതോടെ 1-1 എന്നനിലയിലാണ്. മൂന്നാം മത്സരം ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും. 2006-നുശേഷം വിന്‍ഡീസിനെതിരേ ഇന്ത്യ പരമ്പര തോറ്റിട്ടില്ല. ലോകകപ്പും ഏഷ്യാകപ്പും അടുത്തിരിക്കെ, താരതമ്യേന ദുര്‍ബലരായ വിന്‍ഡീസിനെതിരേ പരമ്പരനഷ്ടം ഇന്ത്യയ്ക്ക് ഉള്‍ക്കൊള്ളാനാകില്ല. ലോകകപ്പ് യോഗ്യത നഷ്ടപ്പെട്ട വിന്‍ഡീസിന് ഇന്ത്യക്കെതിരായ പരമ്പര നേടാന്‍ കഴിഞ്ഞാല്‍ അത് വന്‍നേട്ടമാകും. പ്രത്യേകിച്ചും യുവതാരങ്ങളുമായിട്ടാണ് ടീം കളിക്കുന്നത്.