33.4 C
Kottayam
Sunday, May 5, 2024

‘സമൂഹമാധ്യമങ്ങളിൽ ന‍ടക്കുന്നതു കാണുന്നുണ്ട്, ഇത്ര വലിയ പിന്തുണ പ്രതീക്ഷിച്ചില്ല’തുറന്ന് പറഞ്ഞ് സഞ്ജു

Must read

തിരുവനന്തപുരം∙ ക്യാപ്റ്റനായി പരിചയമുള്ളതുകൊണ്ട് ഇന്ത്യ എ ടീമിനെ നയിക്കുന്നതു കുറച്ച് എളുപ്പമായിരിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ‘‘ഒരു ടീമിനെ ക്യാപ്റ്റനായി ലീഡ് ചെയ്യുമ്പോൾ കുറെ വെല്ലുവിളികളുണ്ടാകും. അതു ശീലമുള്ളതുകൊണ്ട് എളുപ്പത്തിൽ കൈകാര്യം ചെയ്യാമെന്ന ആത്മവിശ്വാസമുണ്ട്. ക്രിക്കറ്റായാൽ ഫലം അങ്ങോട്ടും ഇങ്ങോട്ടും മാറാം. എങ്കിലും ടീം നന്നായിട്ട് ഇറങ്ങിയാൽ നല്ല രീതിയിൽ ചെയ്യാമെന്ന വിശ്വാസമുണ്ട്.’’– സഞ്ജു സാംസൺ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘‘ചെന്നൈയിലാണ് മത്സരങ്ങൾ. ആദ്യമായിട്ടാണ് ക്യാപ്റ്റൻ റോളിൽ ഇന്ത്യ എ ടീമിനു വേണ്ടി കളിക്കുന്നത്. ന്യൂസീലന്‍ഡ് നല്ല ടീമാണ്. നാളെ തന്നെ ചെന്നൈയിലേക്കു പോകും. പരിശീലകനുമായും കളിക്കാരുമായും സംസാരിക്കും. ആരാധകരിൽനിന്ന് ഇത്രയും വലിയ പിന്തുണ പ്രതീക്ഷിച്ചിരുന്നില്ല. അതു കുറച്ചു വൈകാരികമായ കാര്യമാണ്. അവരുടെ പ്രാർഥനയും പിന്തുണയും കാരണമാണ് ഞാൻ ഈ ലെവലിൽ കളിക്കുന്നതും ഇന്ത്യൻ ടീമിൽ എത്തിയതെന്നും വിശ്വസിക്കുന്നു.

‘‘സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾ പലതും കാണുന്നുണ്ട്. കാണുന്നില്ലെന്നു കള്ളം പറഞ്ഞിട്ടു കാര്യമില്ല. ആവേശത്തിൽ നമ്മുടെ കൂട്ടുകാരൊക്കെ ചിലതു പറയുമല്ലോ, ആ രീതിയിലൊക്കെ എടുത്താൽ മതിയെന്നു തോന്നുന്നു. എന്നെ ആളുകൾ സ്നേഹിക്കുന്നത് എന്റെ ക്രിക്കറ്റ് കണ്ടിട്ടാണ്. അപ്പോൾ എല്ലാവരും ക്രിക്കറ്റ് സ്നേഹികളാണ്. അങ്ങനെയുള്ള ആളുകൾ ക്രിക്കറ്റ് ഇല്ലാതാകാന്‍ ഒന്നും ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.’’

‘‘ഇന്ത്യൻ താരങ്ങളെല്ലാം എന്റെ സുഹൃത്തുക്കളാണ്. അവർക്കെല്ലാം കേരളത്തിൽ വരാൻ ഇഷ്ടമാണ്. ഇവിടത്തെ ആഹാരങ്ങൾ കഴിക്കണം, ആളുകളെ പരിചയപ്പെടണം എന്നൊക്കെയാണ് അവർക്ക്. ടീമിനകത്തുനിന്ന് നെഗറ്റീവ് കമന്റ് കേട്ടിട്ടില്ല. നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകുമെന്നാണ് എന്റെ വിശ്വാസം. വലിയ താരങ്ങളും നാട്ടുകാരും എനിക്കു വേണ്ടി സംസാരിക്കുമ്പോൾ വലിയ സന്തോഷമാണ്. ചിലർക്ക് ടീമിൽ പെട്ടെന്ന് കിട്ടും, ചിലർക്കു വൈകിയേ കിട്ടൂ. ക്രിക്കറ്റിൽ എന്റെ യാത്ര ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്.’’

‘‘ ജീവിതത്തിൽ എന്തു നേരിട്ടാലും അതു നല്ലതിനു വേണ്ടിയാണെന്നു വിശ്വസിക്കുന്നയാളാണു ഞാൻ. ചില ബോളുകൾ സിക്സ് അടിക്കാം, ചിലത് ഔട്ടാകും. ടെസ്റ്റിലും ഏകദിനത്തിലും ഒക്കെ സൂക്ഷിച്ച് കളിച്ച് തന്ത്രങ്ങൾ പലതു പ്രയോഗിക്കാം. പക്ഷേ ട്വന്റി20യിൽ പരമാവധി റണ്‍ നേടുകയെന്നതാണ് എന്റെ റോൾ. അതിന് അനുസരിച്ചാണു കളിക്കുന്നത്’’– സഞ്ജു വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week