ചെന്നൈ: ഐപിഎല്ലിൽ ഡൽഹിക്കെതിരേ ഫോമിലേക്കുയർന്ന് സഞ്ജു സാംസൺ. ഡൽഹിക്കെതിരേ വെടിക്കെട്ട് പ്രകടനവുമായി സഞ്ജു തിളങ്ങി. 26 പന്തിൽ താരം ഫിഫ്റ്റി തികച്ചു. കഴിഞ്ഞ മത്സരങ്ങളിൽ നിരാശപ്പെടുത്തിയ താരത്തിന്റെ ഉജ്ജ്വല തിരിച്ചുവരവാണ് ഡൽഹിക്കെതിരായ ഇന്നിങ്‌സ്.
ആദ്യ ഓവറിൽ തന്നെ ബൗണ്ടറിയോടെയാണ് സഞ്ജു തുടങ്ങിയത്. ഓവറിൽ താരം എട്ട് റൺസ് കണ്ടെത്തി. പിന്നാലെ മുകേഷ് കുമാർ എറിഞ്ഞ രണ്ടാം ഓവറിലെ അവസാന രണ്ട് പന്തുകളും സഞ്ജു ബൗണ്ടറി നേടി. തുടർന്നുള്ള രണ്ട് ഓവറുകളിലും ഫോറുകളുമായി കളം നിറഞ്ഞ മലയാളി താരം നാലോവറിൽ ടീമിനെ 40 റൺസിലെത്തിച്ചു. ആ ഘട്ടത്തിൽ 12 പന്തിൽ നിന്ന് 30 റൺസ് നേടിയതും സഞ്ജുവായിരുന്നു.
പവർപ്ലേയിലെ ശേഷിക്കുന്ന രണ്ടോവറുകളിലും താരം റൺസ് കണ്ടെത്തി. കൂറ്റനടികൾക്ക് ശ്രമിക്കാതെ ശ്രദ്ധയോടെ ബൗണ്ടറികൾ നേടിയാണ് സഞ്ജു ഇന്നിങ്‌സ് മുന്നോട്ടുനയിച്ചത്. ഒൻപതാം ഓവറിൽ സഞ്ജു അമ്പത് കടന്നു.
ടൂർണമെന്റിൽ കളിച്ച മൂന്ന് മത്സരത്തിലും മലയാളി താരത്തിന് ഫോം കണ്ടെത്താനായിരുന്നില്ല. രാജസ്ഥാനെതിരായ ആദ്യ മത്സരത്തിൽ ആറ് റൺസും പഞ്ചാബിനെതിരായ മത്സരത്തിൽ ഏഴ് റൺസുമാണ് താരത്തിന്റെ സമ്പാദ്യം. ബെംഗളൂരുവിനെതിരേ എടുത്തതാകട്ടെ ഒൻപത് റൺസ് മാത്രം. ആദ്യ മൂന്ന് കളിയിലും മലയാളി താരത്തിന് രണ്ടക്കം കടക്കാനായില്ല. ടി20 ലോകകപ്പിലെ താരമായിട്ടും അതിനൊത്ത പ്രകടനം കാഴ്ചവെക്കാനാകാത്തതിൽ ആരാധകർ നിരാശയിലാണ്.

