സഞ്ജു വെടിക്കെട്ട് തുടരുന്നു 50 പിന്നിട്ടു; ഇന്ത്യ മികച്ച സ്കോറിലേക്ക്

ഫൈനലിലും വെടിക്കെട്ട് ഫിഫ്റ്റിയുമായി സഞ്ജു; ഇന്ത്യ മികച്ച സ്കോറിലേക്ക്

അഹമ്മദാബാദ്: ടി20 ലോകകപ്പ് കലാശപ്പോരിൽ ഇന്ത്യ ബാറ്റിങ് തുടരുന്നു. വെടിക്കെട്ടോടെ സഞ്ജു ഫൈനലിലും തകർത്തടിച്ചതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ്. അർധസെഞ്ചുറിയോടെ സഞ്ജുവും അഭിഷേകും കത്തിക്കയറി. 52 റൺസെടുത്ത് അഭിഷേക് പുറത്തായെങ്കിലും ഇഷാനുമായി ചേർന്ന് സഞ്ജു ഇന്ത്യയെ നൂറുകടത്തി. ടോസ് നേടിയ ന്യൂസിലൻഡ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം എട്ട് മത്സരങ്ങളിൽ ഏഴ് വിജയങ്ങളുമായാണ് ഫൈനലിലെത്തിയിരിക്കുന്നത്. മിച്ചൽ സാന്റ്നർ നയിക്കുന്ന ന്യൂസിലൻഡ് ടീം എട്ട് മത്സരങ്ങളിൽ അഞ്ച് വിജയങ്ങൾ നേടിയാണ് കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്.

ഇന്നിങ്‌സിന്റെ ആദ്യ നാലുപന്തുകളിലും റണ്ണൊന്നുമെടുക്കാനായില്ലെങ്കിലും അഞ്ചാം പന്തിൽ സിക്‌സറോടെയാണ് സഞ്ജു ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ആദ്യ ഓവറിൽ ഏഴ് റൺസും രണ്ടാം ഓവറിൽ അഞ്ച് റൺസും പിറന്നു. പിന്നീട് സഞ്ജുവും അഭിഷേകും വെടിക്കെട്ടിന് തിരികൊളുത്തി. ജേക്കബ് ഡഫി എറിഞ്ഞ മൂന്നാം ഓവറിൽ 15 റൺസാണ് സഞ്ജുവും അഭിഷേകും ചേർന്ന് അടിച്ചെടുത്തത്. സിക്‌സറുകൾ പറപറന്നതോടെ നാലാം ഓവറിൽ 24 റൺസും പിറന്നു. അതോടെ നാലോവറിൽ സ്‌കോർ 51 ലെത്തി.

ഇന്ത്യൻ ടീം – അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ

ന്യൂസിലൻഡ് ടീം – ടിം സെയ്ഫേർട്ട്, ഫിൻ അലൻ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, മിച്ചൽ സാന്റ്നർ, ഡഫി, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൻ

മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്. ഇതിന് മുൻപ് 2007,2024 വർഷങ്ങളിലാണ് ഇന്ത്യ ടി20 ലോകകിരീടം നേടിയിട്ടുള്ളത്. മാത്രമല്ല, നിലവിലെ ജേതാക്കളായ ഇന്ത്യക്ക് കിരീടം നിലനിർത്തുകയെന്ന ലക്ഷ്യവുമുണ്ട്. അതേസമയം ന്യൂസിലൻഡാകട്ടെ ഇതുവരെ ട്വന്റി-20 ലോകകപ്പ് നേടിയിട്ടില്ല. കന്നിക്കിരീടം തേടിയാണ് അഹമ്മദാബാദിൽ കലാശപ്പോരിനിറങ്ങുന്നത്. ടി20 ലോകകപ്പിൽ ഇന്ത്യ ഇതുവരെ കിവീസിനോട് ജയിച്ചിട്ടില്ല. മൂന്ന് തവണയും ജയം ന്യൂസിലൻഡിനായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News