ഇസ്‍ലാമബാദ്∙ പരുക്കുമാറി തിരിച്ചെത്തുന്ന കെ.എൽ. രാഹുലിനെ ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിലേക്കു പരിഗണിച്ചതിനെ വിമർശിച്ച് പാക്കിസ്ഥാൻ മുൻ താരം ഡാനിഷ് കനേരിയ. രാഹുലിനെ റിസർവ് താരമായി നിർത്തേണ്ട കാര്യമേ ഉള്ളുവെന്ന് കനേരിയ യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു.
‘‘ടെസ്റ്റ് ക്രിക്കറ്റിൽ രാഹുലിന്റേതു മോശം പ്രകടനമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടമായി. പിന്നീട് ഐപിഎല്ലിലും അദ്ദേഹം പരാജയമായിരുന്നു. പരുക്കു ഭേദമായി തിരിച്ചുവരുന്ന താരത്തിന് ടീമിലേക്കു ഒരിക്കൽ കൂടി പ്രവേശനം ലഭിച്ചിരിക്കുന്നു. ഇതു ശരിയല്ല.’’– ഡാനിഷ് കനേരിയ പ്രതികരിച്ചു.
‘‘രാഹുലിന് ഒരിക്കൽ കൂടി അവസരം നൽകാൻ ഇന്ത്യ തീരുമാനിച്ചെങ്കിൽ സഞ്ജു സാംസണെയും അവർ ടീമിലെടുക്കണമായിരുന്നു. ഏഷ്യാ കപ്പ് സ്ക്വാഡിൽ രാഹുൽ റിസർവ് പ്ലേയർ ആകണം. പ്രധാന താരങ്ങളിലൊരാളായതുകൊണ്ട് രാഹുലിനെ ഒഴിവാക്കാൻ സാധിക്കാത്തതായിരിക്കാം. സഞ്ജു സാംസണ് ഒരിക്കൽ കൂടി വെള്ളം ചുമക്കാം. സഞ്ജുവിനോട് അനീതി കാണിക്കുന്നുണ്ടെന്നു പലരും വിശ്വസിക്കുന്നു. എന്നാൽ ഞാൻ അതിനെ പിന്തുണയ്ക്കില്ല.’’
‘‘സഞ്ജുവിന് ആവശ്യത്തിന് അവസരങ്ങൾ ടീം നൽകിയിട്ടുണ്ട്. ടീമിൽ നിലനിൽക്കണമെങ്കിൽ നിങ്ങൾ അതിനനുസരിച്ച് പ്രകടനം നടത്തണം.’’– ഡാനിഷ് കനേരിയ പ്രതികരിച്ചു. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ റിസർവ് താരമായി മാത്രമാണ് സഞ്ജു സാംസണെ ബിസിസിഐ ഉൾപ്പെടുത്തിയിരിക്കുന്നത്. കെ.എൽ. രാഹുൽ കളിച്ചില്ലെങ്കിൽ മലയാളി താരത്തിന് അവസരം ലഭിച്ചേക്കും.