സഞ്ജയ് മൽഹോത്ര പുതിയ റിസർവ് ബാങ്ക് ഗവർണർ

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ (ആര്‍.ബി.ഐ.) പുതിയ ഗവര്‍ണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര നിയമിതനായി. സഞ്ജയ് മല്‍ഹോത്ര ബുധനാഴ്ച ചുമതലയേല്‍ക്കും. മൂന്ന് കൊല്ലത്തേക്കാണ് നിയമനം.

നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കും. ആര്‍.ബി.ഐയുടെ 25-ാമത്തെ ഗവര്‍ണറായി 2018 ഡിസംബര്‍ 12-നാണ് ശക്തികാന്ത ദാസ് ചുമതലയേറ്റത്. കേന്ദസര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നതകളുടെ പേരില്‍ അന്നത്തെ ആര്‍.ബി.ഐ. ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ശക്തികാന്ത ദാസിന്റെ നിയമനം.

ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് 1990 ബാച്ചിലെ രാജസ്ഥാന്‍ കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് സഞ്ജയ് മല്‍ഹോത്ര. ഐ.ഐ.ടി. കാണ്‍പുരില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ സഞ്ജയ് മല്‍ഹോത്ര യു.എസിലെ പ്രൈസ്ടണ്‍ സര്‍വകലാശാലയില്‍നിന്ന് പബ്ലിക് പോളിസിയില്‍ ബിരുദാനന്തരബിരുദം നേടി.

മൂപ്പത്തിമൂന്ന് വര്‍ഷത്തിലേറെ നീളുന്ന കരിയറില്‍ ഊര്‍ജം, സാമ്പത്തികം, നികുതി, വിവരസാങ്കേതികവിദ്യ, ഖനി തുടങ്ങി വിവിധ മേഖലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. റവന്യൂ സെക്രട്ടറിയായി നിയമിതനാകുന്നതിന് മുമ്പ് ഫിനാന്‍ഷ്യൽ സര്‍വീസസ് വകുപ്പില്‍ സെക്രട്ടറിയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News