ഹൈദരാബാദ്: ഇd,ന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ടെന്നീസ് താരം സാനിയ മിര്‍സയും തമ്മില്‍ വിവാഹിതാരവുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സ. സാനിയയുടെയും മുഹമ്മദ് ഷമിയുടെയും വിവാഹച്ചിത്രങ്ങളെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെല്ലാം അസംബന്ധമാണെന്ന് പറഞ്ഞ ഇമ്രാന്‍ മിര്‍സ സാനിയയും ഷമിയും ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലെന്നും എന്‍ഡിടിവിയോട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലാണ് സാനിയയുടെയും ഷമിയുടെയും വിവാഹ ചിത്രങ്ങളെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രം പ്രചരിച്ചത്. പിന്നാലെ ആരാധകര്‍ ഇവര്‍ക്ക് ആശംസ അറിയിച്ച് രംഗത്തെത്തുകയും ചെയ്തു. ഇതുവരെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും ഓഗസ്റ്റ് 20നാണ് ഇരുവരും വിവാഹിതരാവുകയെന്നും വരെ പ്രചാരണമുണ്ടായിരുന്നു.എന്നാല്‍ ഇത് 2010ലെ സാനിയയും ഷൊയ്ബും തമ്മിലുള്ള വിവാഹ ഫോട്ടോയില്‍ ഷൊയ്ബിന്‍റെ സ്ഥാനത്ത് ഷമിയുടെ തലചേര്‍ത്ത് തയാറാക്കിയ വ്യാജ ചിത്രമാണെന്ന് വ്യക്തമായി. മുമ്പും ഇത്തരത്തില്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇമ്രാന്‍ മിര്‍സ പ്രതികരണവുമായി രംഗത്തെത്തിയത്.
പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സാനിയ അഞ്ച് മാസം മുമ്പാണ് പാക് ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയത്. 2010ലായിരുന്നു സാനിയയും ഷൊയ്ബ് മാലിക്കും വിവാഹിതരായത്. പിന്നീട് ദുബായിലേക്ത് ഇരുവരും താമസം മാറിയിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഇഹ്സാന്‍ എന്ന മകനുണ്ട്. പ്രസവശേഷവും ടെന്നീസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയ സാനിയ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിച്ചത്. കഴിഞ്ഞ ദിവസം ഹജ്ജിന് പോകുന്ന വിവരം സാനിയ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.
2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമിയാകട്ടെ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായി ഇപ്പോള്‍ വിശ്രമത്തിലാണ്. മുഹമ്മദ് ഷമി ഭാര്യ ഹസിന്‍ ജഹാനുമായുള്ള വിവാഹ ബന്ധം ഓദ്യോഗികമായി വേര്‍പെടുത്തിയിട്ടില്ലെങ്കിലും ഇരുവരും ദീര്‍ഘകാലമായി വേര്‍പിരിഞ്ഞു
കഴിയുകയാണ്. 2014ലാണ് ഷമിയും ഹസിന്‍ ജഹാനും വിവാഹിതരായത്. 2018ല്‍ ഷമിക്കെതിരെ ഹസിന്‍ ജഹാന്‍ ഗാര്‍ഹിക പീഡന പരാതി നല്‍കുകയും ഷമിക്കെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പിന്നീട് സെഷന്‍സ് കോടതി ഷമിയുടെ അറസ്റ്റ് വാറണ്ട് സ്റ്റേ ചെയ്തു.
ഷമിക്കെതിരെ നിരന്തരം ആരോപണങ്ങളുമായി ഹസിന്‍ ജഹാന്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുമുണ്ട്. ഏകദിന ലോകപ്പിനിടെയും ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ ആരോപണങ്ങളുമായി എത്തിയിരുന്നു.