കൊച്ചി:ഈ വർഷം റിലീസ് ചെയ്ത് ഏറെ ശ്രദ്ധനേടിയ ചിത്രമാണ് പ്രേമലു. ഇതിലെ എല്ലാ കഥാപാത്രങ്ങൾക്കും വൻ ജനപ്രീതി നേടിയിരുന്നു. അതിലൊരു വേഷമായിരുന്നു അമൽ ഡേവിസ്. നായകനായ സുഹൃത്തിനൊപ്പം കട്ടയ്ക്ക് നിന്ന് അഭിനയിച്ചത് സംഗീത് പ്രതാപ് ആണ്. അടുത്തിടെ ഗോട്ടിന്റെ ഗാനം ഇറങ്ങിയപ്പോൾ ഈ കഥാപാത്രം തെന്നിന്ത്യൻ ലെവലിൽ വീണ്ടും ചർച്ച ആയിരുന്നു. എന്നാൽ അഭിനേതാവ് മാത്രമല്ല മികച്ചൊരു എഡിറ്റർ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് സംഗീത് പ്രതാപ്.
അൻപത്തി നാലാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച എഡിറ്റർക്കുള്ള പുരസ്കാരം സംഗീതിനെ തേടി എത്തി. ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിനാണ് സംഗീത് പുരസ്കാരത്തിന് അർഹനായത്. എഡിറ്റിംഗിനെ ആഖ്യാനത്തിനുള്ള ഉപാധിയായി ഉപയോഗിച്ച് പ്രമേയത്തെ മുന്നോട്ട് നയിച്ച വൈദഗ്ധ്യത്തിനാണ് അവാർഡ് നൽകിയതെന്ന് ജൂറി വിലയിരുത്തി. അൻപതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും ആണ് പുരസ്കാരം.
സ്പോട്ട് എഡിറ്ററായി വെള്ളിത്തിരയിൽ എത്തിയ ആളാണ് സംഗീത് പ്രതാപ്. ഫോർ ഇയേഴ്സ് എന്ന ചിത്രത്തിൽ പ്രവർത്തിച്ച സംഗീത്, ലിറ്റിൽ റാവുത്തറിലൂടെയാണ് ഇൻഡിപെന്റ് ആയത്. ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് എന്ന ചിത്രത്തിലും സംഗീത് എഡിറ്ററായിരുന്നു. ഹൃദയം എന്ന പ്രണവ് മോഹൻലാൽ ചിത്രത്തിൽ വില്ലനായി എത്തിയ സംഗീത്, പ്രേമലു, സൂപ്പർ ശരണ്യ, തണ്ണീർ മത്തൻ ദിനങ്ങൾ തുടങ്ങിയ സിനിമകളിൽ ഭാഗമായി. ബ്രോമാൻസ് എന്ന ചിത്രമാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
പൃഥ്വിരാജ് ആണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായത്. ആടുജീവിതം എന്ന സിനിമയിലെ പ്രകടനത്തിനായിരുന്നു അംഗീകാരം. ജനപ്രിയ ചിത്രം ഉള്‍പ്പടെ എട്ട് അവാര്‍ഡുകള്‍ ആടുജീവിതം സ്വന്തമാക്കിയിരുന്നു. കാതല്‍ ആണ് മികച്ച സിനിമ.