തിരുവനന്തപുരം: ബിജെപി എംഎൽഎ ഒ. രാജഗോപാല്‍ കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ച സംഭവത്തില്‍ പരിഹാസവുമായി സ്വാമീ സന്ദീപാനന്ദഗിരി. ‘രാജേട്ടന്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായി നേമത്ത് മത്സരിക്കുന്നതും പിണറായി മന്ത്രിസഭയില്‍ ദേവസ്വം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതും ഇന്ന് പുലര്‍കാലത്ത് സ്വപ്നം കണ്ടു’ എന്നാണ് സന്ദീപാനന്ദഗിരി ഫേസ് ബുക്കില്‍ കുറിച്ചത്. സന്ദീപാനന്ദ ഗിരി പുലര്‍ച്ചെ കണ്ട സ്വപ്നം ഫലിക്കുമോ എന്ന ചര്‍ച്ചകളാണ് സോഷ്യല്‍മീഡിയയില്‍ പൊടിപൊടിക്കുന്നത്.
എന്നാൽ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ചതിന് തൊട്ടുപിന്നാലെ രാജേട്ടന്‍ മുത്താണ് എന്ന അടിക്കുറിപ്പോടെ രാജഗോപാലിന്റെ ഫോട്ടോ സന്ദീപാനന്ദഗിരി പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വന്ന കമന്റിലാണ് തന്റെ പുലര്‍കാല സ്വപ്നം സന്ദീപാനന്ദഗിരി വെളിപ്പെടുത്തിയത്. രാജഗോപാലിന്റെ നിലപാട് സമൂഹമാധ്യമങ്ങളില്‍ ചൂട് പിടിച്ച ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കുമാണ് വഴിതുറന്നത്.
കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമ പിന്‍വലിക്കണമെന്ന പ്രമേയത്തെ അനുകൂലിക്കുന്നതായി നിയമസഭാ സമ്മേളനത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് വ്യക്തമാക്കിയത്. പ്രമേയത്തിന്മേലുളള തന്റെ അഭിപ്രായം പറഞ്ഞുവെങ്കിലും പൊതുവികാരം പ്രമേയത്തിന് അനുകൂലമാണെന്നും രാജഗോപാല്‍ അഭിപ്രായപ്പെട്ടു. അത് താന്‍ സ്വീകരിക്കുകയാണ്. അതാണ് ജനാധിപത്യപരമായ നിലപാട്. താന്‍ പിടിച്ച മുലയലിന് രണ്ട് കൊമ്പെന്ന് പറഞ്ഞ് വാശിപിടിക്കേണ്ട കാര്യമല്ല ഇതെന്നും പറഞ്ഞിരുന്നു.
പ്രമേയത്തില്‍ പറഞ്ഞ ചില കാര്യങ്ങളോട് അഭിപ്രായ ഭിന്നതയുണ്ട്. അത് താന്‍ ചൂണ്ടിക്കാണിച്ചു. മൊത്തത്തില്‍ പ്രമേയത്തെ പിന്തുണക്കുകയാണ്. കേന്ദ്രം പാസാക്കിയ 3 കാര്‍ഷിക നിയമഭേദഗതികളും പിന്‍വലിക്കണമെന്ന പ്രമേയത്തെ പിന്‍തുണക്കുന്നുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതെ എന്ന് രാജഗോപാല്‍ ഉത്തരം നല്‍കി. കൊണ്ടാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതെന്നും രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.