രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ അപമാനിച്ച കേസ്: സന്ദീപ് വാര്യർക്ക് ജാമ്യം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പരാതി ഉന്നയിച്ച അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ വിരങ്ങൾ വെളിപ്പെടുത്തി അപമാനിച്ചെന്ന കേസിൽ സന്ദീപ് വാര്യർക്കും ഫേസ്ബുക്ക് അക്കൗണ്ട് ഉടമ രഞ്ജിത പുളിക്കലിനും ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജി എസ്. നസീറയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്.

സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, സമാനമായ കേസുകൾ ഉണ്ടാകരുത് എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.  ഹർജിയിൽ അന്തിമ തീരുമാനം വരുന്നവരെ രണ്ടു പ്രതികളുടെയും അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്.

കേസിൽ അതിജീവിതയുടെ തിരിച്ചറിയൽ വിവരം വെളിപ്പെടുത്തിയതിൽ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉടമയായ മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിതാ പുളിക്കലാണ് ഒന്നാം പ്രതി. സന്ദീപ് വാര്യർ നാലാം പ്രതിയാണ്. കേസിൽ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ അറസ്റ്റിലായിരുന്നു.

അതിജീവിതയുടെ ചിത്രം സന്ദീപിൻ്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. രാഹുലിന്‍റെ കേസുമായി ബന്ധപ്പെട്ട പുതിയ സാഹചര്യത്തിൽ, സന്ദീപ് ഒരു കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ച ശേഷം ചിത്രം നീക്കംചെയ്യുകയായിരുന്നു. 

അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്. അതിജീവിതയുടെ വിവരങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News