പെണ്‍കുട്ടികളെ മുസ്ലീം ക്രിസ്ത്യന്‍ യുവാക്കള്‍ പ്രേമിച്ച് സിറിയയില്‍ കൊണ്ടുപോവുന്നു, അവരെ പീഡിപ്പിച്ച് തീവ്രവാദികളുടെ എണ്ണം വര്‍ധിപ്പിക്കുന്നു; വര്‍ഗ്ഗീയ പ്രസംഗവുമായി സന്ദീപ് വചസ്പതി

ആലപ്പുഴ: വീണ്ടും പ്രകോപന പ്രസംഗവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതി. കേരളത്തിലെ പെണ്‍കുട്ടികളെ മുസ്ലീം ക്രിസ്ത്യന്‍ യുവാക്കള്‍ പ്രേമിച്ച് സിറിയയില്‍ കൊണ്ടുപോവുകയാണെന്നും അവിടെ അവരെ ലൈംഗീകമായി ഉപയോഗിച്ച് തീവ്രവാദികളുടെ എണ്ണം കൂട്ടുകയാണെന്നുമാണ് സന്ദീപിന്റെ വാക്കുകള്‍.

ഇത് സര്‍ക്കാര്‍ തടയുന്നില്ല പകരം മതേതരത്വം പറഞ്ഞ് പ്രതിരോധിക്കുകയാണെന്നും സന്ദീപ് ആരോപിച്ചു. പകരം ഇത്തരം പ്രവര്‍ത്തികള്‍ തടയാന്‍ ബിജെപിക്ക് ഒരു വോട്ട് എന്നും സന്ദീപ് ആവശ്യപ്പെടുന്നു. സന്ദീപിന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

ആലപ്പുഴ പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി വിവാദമുണ്ടാക്കിയതിന് പിന്നാലെയാണ് സന്ദീപ് വചസ്പതി വനിതാ തൊഴിലാളികള്‍ക്ക് ഇടയില്‍ നിന്നും വോട്ട് തേടി സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തെത്തിയിരിക്കുന്നത്.

സന്ദീപ് വീഡിയോയില്‍ പറയുന്നതിങ്ങനെ: ‘നമ്മുടെ പെണ്‍കുട്ടികളുടെ അവസ്ഥ നിങ്ങള്‍ ചിന്തിച്ചോ. ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലീം പെണ്‍കുട്ടിയെ പ്രേമിക്കുന്നതിനൊന്നും ഞങ്ങള്‍ എതിരല്ല. ക്രിസ്ത്യാനിയേയും പ്രേമിക്കാം. ആര്‍ക്കും ആരേയും പ്രേമിക്കാം. പക്ഷെ മാന്യമായി ജീവിക്കണം. എന്നാല്‍ ഇവിടെ ചെയ്യുന്നത് എന്താ. നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ പ്രേമിച്ച് സിറിയയില്‍ കൊണ്ട് പോവുകയാണ്. എന്തിനാണ് സിറിയയില്‍ കൊണ്ട് പോകുന്നത്. അറുപത് പേരുടെ ഭാര്യയൊക്കെയായിട്ടാണ് പെണ്‍കുഞ്ഞുങ്ങളെ ഉപയോഗിക്കുന്നത്. തീവ്രവാദികളാണ്. തീവ്രവാദികളുടെ എണ്ണം കൂട്ടാന്‍ പ്രസവിച്ച് കൂട്ടുകയാണ്.

അതിന് നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ കൊണ്ട് പോവുകയാണ്. ഇത് ആരാ തടയേണ്ടത്. നമ്മുടെ സര്‍ക്കാര്‍ എന്താ ചെയ്യേണ്ടത്. പറഞ്ഞാല്‍ പറയുന്നത് മതേതരത്വത്തെ കുറിച്ചാണ്. അത് നമ്മുടെ ബാധ്യതയാണ്. ഇങ്ങോട്ട് എന്ത് വേണേയും ആവാം. അങ്ങോട്ട് ചോദിച്ചാല്‍ മതേതരത്വം ആണ്. ഇതൊക്കെയാണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ നോക്കി വോട്ട് ചെയ്യണം. ഇപ്പോള്‍ ഒരു ഷോക്ക് കൊടുത്തില്ലെങ്കില്‍ നമ്മുടെ നാട് നശിച്ച് പോകും. അതുകൊണ്ടാണ് ബിജെപിക്ക് വോട്ട് ചെയ്യണം എന്ന് പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News