തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു താൻ ഗർഭിണിയാണെന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. 'മാ ഇൻടി ബംഗാരം' (Maa Inti Bangaaram) എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിജയഘോഷത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം ഈ സന്തോഷവാർത്ത പങ്കുവെച്ചത്. നിലവിലെ പ്രോജക്ടുകൾ പൂർത്തിയാക്കിയശേഷം താൻ ഒരു ചെറിയ പ്രസവാവധി എടുക്കുമെന്ന് സാമന്ത വ്യക്തമാക്കി.
കുറച്ചു നാളുകളായി സാമന്ത ഗർഭിണിയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സിനിമയുടെ വിജയഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ താരത്തിന്റെ ബേബി ബമ്പ് ആരാധകരുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തിരുന്നു. സാമന്ത ഇപ്പോൾ ഗർഭകാലത്തിന്റെ ആദ്യ ഘട്ടത്തിലാണെന്നും, 2026 ഡിസംബറിൽ കുഞ്ഞ് ജനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. 'മാ ഇൻടി ബംഗാരം' സിനിമയുടെ സംവിധായികയായ നന്ദിനി റെഡ്ഡിയും ഈ വാർത്ത ശരിവെച്ചിട്ടുണ്ട്.
2025 ഡിസംബറിലായിരുന്നു സംവിധായകൻ രാജ് നിദിമോരുവുമായുള്ള സാമന്തയുടെ വിവാഹം. കോയമ്പത്തൂരിലെ ഈഷാ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹച്ചടങ്ങുകൾ. 'ദി ഫാമിലി മാൻ 2' (The Family Man 2) എന്ന പ്രശസ്ത വെബ് സീരീസിന്റെ സെറ്റിൽ വെച്ചാണ് ഇവർ പരിചയപ്പെടുന്നത്.
സാമന്തയുടെ സിനിമാ കരിയറിലെത്തന്നെ ഏറ്റവും മികച്ച ഒരു സമയത്താണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. മയോസിറ്റിസ് (myositis) എന്ന രോഗബാധയെത്തുടർന്നുള്ള ഇടവേളയ്ക്കുശേഷമുള്ള താരത്തിന്റെ ശക്തമായ തിരിച്ചുവരവുകൂടിയാണ് നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത 'മാ ഇൻടി ബംഗാരം' എന്ന ചിത്രം. ചിത്രം ഇതിനോടകംതന്നെ ആഗോളതലത്തിൽ 50 കോടി രൂപയിലധികം കളക്ഷൻ നേടിക്കഴിഞ്ഞു.
പ്രസവാവധിക്കായി ഇടവേളയെടുക്കുന്നുണ്ടെങ്കിലും, ആ അവധിക്കുശേഷം തന്റെ ആരാധകർക്കായി പുതിയൊരു ചിത്രവുമായി തിരിച്ചെത്തുമെന്ന് സാമന്ത ഉറപ്പുനൽകിയിട്ടുണ്ട്.


