ഹൈദരാബാദ്:സമാന്ത പ്രധാനവേഷത്തിലെത്തിയ ‘ശാകുന്തളം’ ബോക്സ്ഓഫിസിൽ കനത്ത പരാജയത്തിലേക്ക്. റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ചിത്രം കാഴ്ചവച്ചത്. സമാന്തയുടെ കരിയറിലെതന്നെ ഏറ്റവും മോശം തുടക്കമായിരുന്നു ശാകുന്തളത്തിന്റേത്. 65 കോടി രൂപയിലേറെ ബജറ്റിൽ നിർമിച്ച ചിത്രം തെലുങ്ക് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണ്.
തെലുങ്കിനു പുറമേ, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിലും റിലീസ് ചെയ്ത ചിത്രം പുറത്തിറങ്ങി ആദ്യ ആഴ്ചയിൽ നേടിയത് വെറും ഏഴ് കോടി രൂപ മാത്രമാണ്. ആഗോളതലത്തിൽ റിലീസ് ചെയ്തിട്ടും കാര്യമായ നേട്ടമുണ്ടാക്കാൻ ചിത്രത്തിനായില്ല. എൺപത് കോടിക്കു മുകളിൽ ചെലവുണ്ടെന്നാണ് സിനിമയുടെ നിർമാതാക്കൾ അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ വലിയ സാമ്പത്തിക നഷ്ടമാണ് ഇവരെ കാത്തിരിക്കുന്നതും.
വലിയ മുതൽമുടക്കിൽ നിർമിച്ച ചിത്രത്തിൽ നിലവാരമില്ലാത്ത വിഎഫ്എക്സ് രംഗങ്ങൾ മടുപ്പുളവാക്കുന്നു. മികച്ച ദ്യശ്യാനുഭവം പ്രതീക്ഷിച്ച പ്രേക്ഷകരെ 3ഡി പതിപ്പ് പോലും നിരാശപ്പെടുത്തിയെന്നാണ് പ്രേക്ഷക പ്രതികരണം. സിനിമ മുഴുവനും ഒരു ഇൻഡോർ സ്റ്റുഡിയോയിൽ ചിത്രീകരിച്ചതായി തോന്നും. സെറ്റ് വർക്കുകളും നിലവാരം പുലർത്തിയില്ല. ദൃശ്യ വിസ്മയമൊരുക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം കാലഹരണപ്പെട്ടതായി തോന്നുന്നുവെന്നാണ് പ്രധാന വിമർശനം.
ഗുണശേഖർ സംവിധാനം ചെയ്ത ചിത്രത്തിൽ ശകുന്തളയുടെ വേഷമായിരുന്നു സമാന്ത അവതരിപ്പിച്ചത്. ചിത്രത്തിൽ മലയാളി താരം ദേവ് മോഹനും പ്രധാന വേഷത്തിലെത്തിയിരുന്നു. ഗുണശേഖർ തന്നെയാണ് നിർമാണവും.