ലഖ്നൗ: ഗുജറാത്ത് പോലെതന്നെ ബിജെപിയുടെ രാഷ്ട്രീയ പരീക്ഷണ ഭൂമികകളില്‍ ഒന്നായിരുന്നു ഹിന്ദി ഹൃദയഭൂമിയില്‍പ്പെട്ട ഉത്തര്‍പ്രദേശും. അപ്രതീക്ഷിത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് യുപിയില്‍ ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഉള്‍പ്പെടുന്ന ഇന്ത്യാ സഖ്യം 44 സീറ്റുകള്‍ പിടിച്ച് ബിജെപിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
35 സീറ്റുകളിലാണ് സമാജ് വാദി പാര്‍ട്ടി മുന്നിട്ടുനില്‍ക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയായി എസ്.പി മാറി. ബിജെപി മുന്നിട്ടനില്‍ക്കുന്നത് 34 സീറ്റുകളിലാണ്. എന്‍ഡിഎയിലെ മറ്റു കക്ഷികളായ ആര്‍എല്‍ഡിയും എപിയും ഓരോ സീറ്റില്‍ മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസ് ഇവിടെ ഏഴ് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
ഏഴ് ഘട്ടങ്ങളായി 80 മണ്ഡലങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, അഖിലേഷ് യാദവ്, ഭാര്യ ഡിംപിള്‍ യാദവ്, രാഹുല്‍ ഗാന്ധി, കിഷോരിലാല്‍ ശര്‍മ എന്നിങ്ങനെ പ്രമുഖരുടെ നിരതന്നെ മത്സരിച്ച സംസ്ഥാനമായിരുന്നു യുപി. ഇതില്‍ മുന്‍മന്ത്രി സ്മൃതി ഇറാനിയ്ക്ക് നേരിട്ട വമ്പന്‍ പരാജയം ബിജെപിക്കുണ്ടാക്കുന്ന തിരിച്ചടിയും നാണക്കേടും ചില്ലറയല്ല.
സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി, ആര്‍എല്‍ഡി, എ.ഡി, നിഷാദ് പാര്‍ട്ടി തുടങ്ങിയ കക്ഷികളടങ്ങുന്ന മുന്നണിയായാണ് ബിജെപി ഇവിടെ മത്സരിച്ചത്. പതിറ്റാണ്ടുകളായി ബിജെപിയുടെ വാഗ്ദാനമായിരുന്ന അയോധ്യയിലെ രാമക്ഷേത്രം യാഥാര്‍ഥ്യമാക്കിയ ശേഷമുള്ള തിരഞ്ഞെടുപ്പായിരുന്നു ഇത്. ഈ തിരഞ്ഞെപ്പില്‍ ഇവിടെ ബിജെപിയുടെ ഏറ്റവും പ്രധാന തിരഞ്ഞെടുപ്പ് വിഷയവും രാമക്ഷേത്രംതന്നെയായിരുന്നു.
എന്നാല്‍, രാമക്ഷേത്രം യാഥാര്‍ഥ്യമായതോടെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഈ തുറുപ്പുചീട്ടിന്റെ മൂല്യമിടിഞ്ഞു എന്നുവേണം ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് മനസ്സിലാക്കാന്‍. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബിജെപി സ്ഥാനാര്‍ഥി പരാജയപ്പെട്ടു എന്നതും ശ്രദ്ധേയമാണ്. കൂടാതെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ രൂക്ഷമായ വര്‍ഗീയ പ്രചാരണങ്ങളും ഉത്തര്‍പ്രദേശിനേക്കൂടി ലക്ഷ്യംവെച്ചുകൊണ്ടായിരുന്നു. ഇതും ഏശിയില്ലെന്നാണ് ഫലം നല്‍കുന്ന സൂചന.
സമാജ് വാദി പാര്‍ട്ടിയുമായി ചേര്‍ന്നായിരുന്നു ഉത്തര്‍പ്രദേശിലെ ഇന്ത്യാ മുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടത്. സാമ്പത്തിക പ്രശ്‌നങ്ങള്‍, കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ തുടങ്ങിയവയും ജനാധിപത്യ സ്ഥാപനങ്ങള്‍ക്കുനേരെ ബിജെപി നടത്തുന്ന കടന്നാക്രമണങ്ങളുമൊക്കെയായിരുന്നു ഇന്ത്യ മുന്നണിയുടെ പ്രചാരണവിഷയങ്ങള്‍. ജാതി സെന്‍സസും ഉത്തര്‍പ്രദേശില്‍ ഇന്ത്യ മുന്നണി ഉയര്‍ത്തിക്കാട്ടി. വിശ്വാസത്തിനും വര്‍ഗീയ ധ്രുവീകരണത്തിനും ഉപരിയായി, സാധാരണ ജനങ്ങളെ നേരിട്ട് സ്പര്‍ശിക്കുന്ന ഇത്തരം വിഷയങ്ങള്‍ ഇവിടത്തെ വോട്ടിനെ സ്വാധീനിച്ചു എന്നുവേണം കരുതാന്‍.
2019ല്‍ 62 സീറ്റുകളാണ് ബിജെപി നേടിയത് എന്നതുകൂടി ചേര്‍ത്തുവായിക്കുമ്പോഴാണ് ഇത്തവണത്തെ തിരിച്ചടിയുടെ ആഴം മനസ്സിലാകുക. അന്ന് സമാജ് വാദി പാര്‍ട്ടിക്ക് ലഭിച്ചത് അഞ്ച് സീറ്റുകളാണ്. അവിടെനിന്നാണ് 35 സീറ്റുകള്‍ നേടിയുള്ള അവരുടെ ഇപ്പോഴത്തെ തകര്‍പ്പന്‍ തിരിച്ചുവരവ്.
യു.പി പോലൊരു സംസ്ഥാനത്തുണ്ടാക്കിയ വലിയ നേട്ടത്തിലൂടെ ഇന്ത്യ മുന്നണിക്ക് അഖിലേഷ് യാദവ് ഉണ്ടാക്കൊടുത്ത മൈലേജ് ചില്ലറയല്ല. സമാജ് വാദി പാര്‍ട്ടിയുടെ വോട്ട് ബാങ്കുകളായ മുസ്ലിം-യാദവ വിഭാഗങ്ങള്‍ ശക്തമായി ഇന്ത്യ മുന്നണിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടതായി വേണം കണക്കാക്കാന്‍.
കൂടാതെ ബിജെപിയിലേക്ക് പോയിരുന്ന യാദവ ഇതര ഒബിസി വിഭാഗങ്ങളേക്കൂടി ആകര്‍ഷിക്കാന്‍ സമാജ് വാദി പാര്‍ട്ടിക്ക് സാധിച്ചതായും വിലയിരുത്തപ്പെടുന്നുണ്ട്. അഖിലേഷിന്റെ പ്രചാരണ മുദ്രാവാക്യവും അത്തരത്തിലുള്ളതായിരുന്നുതാനും. കൃത്യമായ ജാതി സമവാക്യങ്ങള്‍ പാലിച്ചുകൊണ്ടുള്ളതായിരുന്നു അവരുടെ സ്ഥാനാര്‍ഥി നിര്‍ണയവും. ജാതി സെന്‍സസ് അടക്കമുള്ള ഇന്ത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ഇവിടെ നിര്‍ണായകമായിട്ടുണ്ടാകാം.