മുംബൈ: തന്റെ വീടിന് പുറത്ത് നടന്ന വെടിവയ്‌പ്പിന്റെ ഉത്തരവാദികള്‍ ഗുണ്ടാസംഘമായ ലോറന്‍സ് ബിഷ്‌ണോയി സംഘമാണെന്ന് മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ മൊഴി നല്‍കി.
ഏപ്രില്‍ 14-ന് പുലര്‍ച്ചെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലെ തന്റെ വസതിയില്‍ ഉറങ്ങുമ്പോള്‍ പടക്കം പോലെയുള്ള ശബ്‌ദം കേട്ടതായി സല്‍മാന്‍ പറഞ്ഞു.
ഇത് തന്നെയും കുടുംബാംഗങ്ങളെയും വധിക്കാനുള്ള ശ്രമമായിട്ടുവേണം കാണാനെന്നു മൊഴിയില്‍ പറയുന്നു.പുലര്‍ച്ചെ 4.55 ഓടെ മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേരടങ്ങുന്ന സംഘം ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ വെടിയുതിര്‍ത്തതായി നടന്റെ പോലീസ് അംഗരക്ഷകന്‍ അറിയിച്ചു. തന്നെയും കുടുംബത്തെയും അപകടപ്പെടുത്താനുള്ള ശ്രമങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
വെടിവയ്‌പ്പ് സംബന്ധിച്ച് അംഗരക്ഷകന്‍ ബാന്ദ്ര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പിന്നീട് ഗുണ്ടാസംഘമായ ലോറന്‍സ് ബിഷ്‌ണോയിയും സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയിയും ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. സല്‍മാനെയും ബന്ധുക്കളെയും കൊല്ലുമെന്ന് ലോറന്‍സ് ബിഷ്‌ണോയിയും സംഘവും നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
അടുത്ത കാലത്തായി തനിക്കും കുടുംബത്തിനും മറ്റ് നിരവധി ഭീഷണികളും ലഭിച്ചിട്ടുണ്ടെന്ന് സല്‍മാന്‍ പോലീസിനോട് പറഞ്ഞു.
2022-ല്‍ സല്‍മാന്റെ കെട്ടിടത്തിന് എതിര്‍വശത്തുള്ള ബെഞ്ചില്‍ ഭീഷണിക്കത്ത് കണ്ടെത്തി. 2023 മാര്‍ച്ചില്‍ ലോറന്‍സ് ബിഷ്‌ണോയി സംഘത്തില്‍ നിന്നു ഇ-മെയില്‍ ഭീഷണി ലഭിച്ചതായി നടന്‍ പറയുന്നു. 2024 ജനുവരിയില്‍ രണ്ട് അജ്‌ഞാതര്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് പന്‍വേലിനടുത്തുള്ള ഫാംഹൗസിലേക്ക് കടക്കാന്‍ ശ്രമിച്ചു.
ഈ മാസം ആദ്യം വെടിവയ്‌പ്പ് കേസില്‍ പോലീസ് 1,735 പേജുള്ള കുറ്റപത്രം മഹാരാഷ്‌്രട കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്‌ഡ് ക്രൈം ആക്‌ട് കേസുകള്‍ക്കായുള്ള പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചതായും സല്‍മാന്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ആറ് പ്രതികള്‍ക്കെതിരേ അന്വേഷണം തുടരാന്‍ മതിയായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അടുത്തിടെ കുറ്റപത്രം അംഗീകരിച്ചത്.
വിക്കികുമാര്‍ ഗുപ്‌ത, സാഗര്‍കുമാര്‍ പാല്‍, സോനുകുമാര്‍ ബിഷ്‌ണോയ്, അനുജ്‌കുമാര്‍ ഥാപ്പന്‍ (ഇപ്പോള്‍ മരിച്ചു), മുഹമ്മദ് റഫീഖ് ചൗധരി, ഹര്‍പാല്‍ സിങ് എന്നിവരാണ് കേസില്‍ അറസ്‌റ്റിലായത്. അറസ്‌റ്റിനു ശേഷം പോലീസ് കസ്‌റ്റഡിയില്‍ വച്ച് അനുജ്‌കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ബാക്കിയുള്ള അഞ്ച് പേര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്.