ദുബായ്:ടി20 ലോകകപ്പില്‍(T20 World Cup 2021) പാക്കിസ്ഥാനെതിരായ(India vs Pakistan) വമ്പന്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ ‘മിസ്റ്ററി സ്പിന്നര്‍’ വരുണ്‍ ചക്രവര്‍ത്തിയ്ക്ക്(Varun Chakravarthy) തിളങ്ങാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്(Salman Butt). ഐപിഎല്ലില്‍(IPL 2021) തിളങ്ങിയത് പോലെ വരുണിന് പാക്കിസ്ഥാനെതിരെ തിളങ്ങാന്‍ കഴിയില്ലെന്ന് സല്‍മാന്‍ ബട്ട് പറഞ്ഞു.
ഐപിഎല്ലില്‍ കളിക്കുന്ന വിദേശ താരങ്ങള്‍ക്ക് വരുണ്‍ ചക്രവര്‍ത്തിയുടെ മിസ്റ്ററി സ്പിന്‍ കളിക്കാന്‍ ബുദ്ധിമുട്ടുണ്ടാവാം. എന്നാല്‍ പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് ആ പ്രശ്നമില്ല. കാരണം പാക്കിസ്ഥാനിലെ സ്ട്രീറ്റ് ക്രിക്കറ്റില്‍ വരുണിനെപ്പോലെ പന്തെറിയുന്ന നിരവധി ബൗളര്‍മാരുണ്ട്. ഇതിനര്‍ത്ഥം വരുണ്‍ മികച്ച ബൗളറല്ലെന്നല്ല. വരുണ്‍ മികച്ച ബൗളറാണ്. പക്ഷെ പാക്കിസ്ഥാനെതിരെ ഫലപ്രദമാവില്ലെന്ന് മാത്രം.
മുമ്പ് ശ്രീലങ്കയുടെ മിസ്റ്ററി സ്പിന്നറായിരുന്ന അജാന്ത മെന്‍ഡിസിനും ഇതേ പ്രശ്നമുണ്ടായിരുന്നു. മെന്‍ഡിസിന് ഞങ്ങള്‍ക്കെതിരെ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ഞങ്ങള്‍ക്കെതിരായ മത്സരങ്ങളില്‍ ശ്രീലങ്ക അദ്ദേഹത്തെ പുറത്തിരുത്തേണ്ട സ്ഥിതി വരെയുണ്ടായി. വരുണിന്‍റേതുപോലെ വൈവിധ്യത്തോടെ പന്തെറിയുന്ന നിരവധി ബൗളര്‍മാരെ പാക്കിസ്ഥാനിലെ തെരുവ് ക്രിക്കറ്റില്‍ കാണാനാവും. അതുകൊണ്ടുതന്നെ പാക് ക്രിക്കറ്റര്‍മാര്‍ക്ക് ഇതില്‍ യാതൊരു മിസ്റ്ററിയും തോന്നില്ല.
അകത്തേക്ക് തിരിയുന്ന വരുണിന്‍റെ പന്തുകളും പുറത്തേക്ക് പോകുന്ന പന്തുകളും എത്രമാത്രം അനായാസമായാണ് പാക്കിസ്ഥാന്‍ കളിക്കാര്‍ കളിച്ചതെന്ന് വീഡിയോ പരിശോധിച്ചാല്‍ വരുണിന് തന്നെ മനസിലാക്കാവുന്നതേയുള്ളു. മിസ്റ്ററി സ്പിന്നൊന്നും പാക്കിസ്ഥാനെതിരെ ഫലപ്രദമാവില്ലെന്ന് അവര്‍ക്ക് മനസിലായിക്കാണില്ല. മികച്ച സ്പിന്നര്‍മാര്‍ക്കും പേസര്‍മാര്‍ക്കും മാത്രമെ പാക്കിസ്ഥാനെതിരെ ഫലപ്രദമായി പന്തെറിയാനാവുവെന്നും സല്‍മാന്‍ ബട്ട് പറഞ്ഞു.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി 18 വിക്കറ്റ് വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി തിളങ്ങിയിരുന്നു. എന്നാല്‍ ഇന്നലെ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നാലോവര്‍ എറിഞി വരുണ്‍ 33 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.വരുണിനെ അനായാസം നേരിട്ട പാക് ഓപ്പണര്‍മാരായ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും ഇന്ത്യയുടെ വിജയ സാധ്യതകള്‍ പൂര്‍ണമായും അടിച്ചു പറത്തുകയും ചെയ്തു.