കൊച്ചി: സജീവ രാഷ്ട്രീയത്തിലേക്ക് ഒരിക്കലും ഇല്ലെന്ന് നടനും സംവിധായകനുമായ സലിം കുമാര്‍. സിനിമയില്‍ എത്തിയതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. തനിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വേണമെങ്കില്‍ മത്സരിക്കാമായിരുന്നു. പക്ഷേ താല്‍പ്പര്യമില്ല. സലിം കുമാര്‍ എന്ന നടന്‍ എം.എല്‍.എയാവേണ്ട ഒരാവശ്യവും തല്‍ക്കാലം കേരളത്തിന് ഇല്ലെന്നും സലിം കുമാര്‍ പറഞ്ഞു.
രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും മാറ്റുന്നത് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ലെങ്കിലും തലമുറമാറ്റം ഏത് മേഖലയിലും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നും തുറന്നുപറഞ്ഞിട്ടുള്ള രാഷ്ട്രീയ നിലപാടിനൊപ്പം തന്നെയാണ് താനെന്നും അദ്ദേഹം പറഞ്ഞു.
1996 ല്‍ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന സിദ്ധീഖ് ഷമീര്‍ സംവിധാനം ചെയ്ത ചിത്രത്തിലായിരുന്നു സലി കുമാര്‍ ആദ്യമായി അഭിയനയിച്ചത്. 3 തമിഴ് സിനിമകളും ഒരു ഒഡിയ സിനിമയും ഉള്‍പ്പെടെ മൂന്നുറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. കംപാര്‍ട്മെന്റ്, കറുത്ത ജൂതന്‍, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകള്‍ സലിംകുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്. ദേശീയ- സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ സലിംകുമാറിനെ തേടിയെത്തിയിരുന്നു.