തിരുവനന്തപുരം: പണം എന്ന ഒറ്റ ലക്ഷ്യം മുന്നില്‍ക്കണ്ടാണ് 51 കാരിയായ ശാഖയെ വിവാഹം കഴിയ്ക്കാന്‍ 26 കാരനായ അരുണ്‍ തയ്യാറായത്.ശാഖയുടെ അമ്മ ഫിലോമിന കിടപ്പുരോഗിയാണ്.ഇവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ കഴിഞ്ഞിരുന്നപ്പോഴാണ് അരുണിനെ പരിചയപ്പെട്ടത്.ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരിയായ ഇവര്‍ക്ക് ഭൂസ്വത്തടക്കം വന്‍ സമ്പാദ്യമുണ്ടെന്ന് അരുണ്‍ മനസിലാക്കി.ഫോണ്‍ സംഭാഷണത്തിലൂടെയും മറ്റും അടുത്ത അരുണ്‍ പിന്നീട് ഇവരെ ലൈംഗികമായും ചൂഷണം ചെയ്തു.
തുടര്‍ന്നാണ് തന്നോട് അരുണിനുള്ളത് ആതമാര്‍ത്ഥമായ പ്രണയമാണെന്ന തെറ്റിദ്ധാരണ ശാഖയ്ക്കുണ്ടായത്.വിവാഹം കഴിയ്ക്കണമെന്ന നിര്‍ദ്ദേശം അവര്‍ മുന്നോട്ടുവെച്ചു. മനസില്ലാ മനസോടെയെങ്കിലും കോടിക്കണക്കിന് രൂപയുടെ സ്വത്തില്‍ കണ്ണുവെച്ച അരുണ്‍ വിവാഹത്തിന് സമ്മതം മൂളി.ഒക്ടോബര്‍ 19ന് ആയിരുന്നു വിവാഹം. വിവാഹത്തില്‍ നിന്നു ശാഖയെ പിന്തിരിപ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ശ്രമിച്ചിരുന്നു. കഴിഞ്ഞ 10ന് ഇരുവരും ഗ്രാമപ്പഞ്ചായത്തില്‍ എത്തി വിവാഹം റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.പ്രായ വ്യത്യാസംമൂലം ഇവരുടെ ബന്ധം അരുണിന്റെ വീട്ടുകാര്‍ എതിര്‍ത്തു. വീടുവിട്ട അരുണ്‍ വാടകവീട്ടിലായിരുന്നു താമസം.
ശാഖയ്ക്കു പത്തേക്കറോളം ഭൂമിയും ആഡംബര വീടും ഉണ്ട്. റബര്‍മരം കടുംവെട്ടിനു നല്‍കിയപ്പോള്‍ ലഭിച്ച 20 ലക്ഷം രൂപയില്‍ 10 ലക്ഷത്തോളം അരുണിനു നല്‍കി. കാറും വാങ്ങിക്കൊടുത്തു. വിവാഹത്തിനു മുന്‍പ് 5 ലക്ഷത്തോളം രൂപ അരുണ്‍ വാങ്ങി. സ്ത്രീധനമായി 100 പവനും 50ലക്ഷം രൂപയും ആയിരുന്നു ആവശ്യം. അടുത്തിടെ കുറച്ചു വസ്തു വില്‍ക്കാനും ശ്രമം നടത്തി. അരുണ്‍ മദ്യവും, മറ്റു ലഹരികളും ഉപയോഗിക്കാറുണ്ടെന്നു ശാഖ സുഹൃത്തിനോടു പറഞ്ഞിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അരുണിന്റെ ഇടപെടലുകളില്‍ സംശയം തോന്നുന്നുവെന്നും എപ്പോഴും വഴക്കിടാറുണ്ടെന്നും ശാഖ കൂട്ടുകാരിയോടു പറഞ്ഞിരുന്നു. ഒരുമാസം മുന്‍പ് ഇലക്ട്രിക് അടുപ്പില്‍ വൈദ്യുതി കടത്തിവിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഷോക്കേറ്റ് അബോധാവസ്ഥയിലായെന്നു പറഞ്ഞ് ശാഖാകുമാരിയെ കാരക്കോണത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അരുണിനൊപ്പം സമീപവാസികള്‍ വീട്ടിനുള്ളില്‍ എത്തിയപ്പോള്‍ നിലത്തു കമിഴ്ന്നു കിടക്കുന്ന അവസ്ഥയിലാണ് ശാഖാകുമാരിയെ കണ്ടത്. തുടര്‍ന്ന് സമീപവാസികളുടെ സഹായത്തോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിനും മണിക്കൂറുകള്‍ക്കു മുന്‍പേ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയും അസ്വാഭാവിക മരണമായി റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തു.
സംഭവമറിഞ്ഞ് വീടും പരിസരവും നിരീക്ഷിച്ച നാട്ടുകാരും പോലീസിനോട് സംശയം പറഞ്ഞു. ക്രിസ്മസ് അലങ്കാരത്തിന്റെ ഭാഗമായി വീടിന്റെ അകത്തും പുറത്തും സീരിയല്‍ ബള്‍ബുകളിട്ടിരുന്നു. ഇതിന് ഉപയോഗിച്ച വയറില്‍ നിന്ന് ഷോക്കേറ്റെന്ന അരുണിന്റെ വാക്കുക്കള്‍ പോലീസും മുഖവിലയ്ക്കെടുത്തില്ല. വീടിനുള്ളിലേക്കു വയര്‍ വലിച്ചിട്ടിരുന്നു. എന്നാല്‍ ഈ വയര്‍ യാതൊരു സര്‍ക്യൂട്ടുമായും ബന്ധപ്പെടുത്തിയിരുന്നില്ല. ചോദ്യം ചെയ്യലില്‍ പോലീസിനോട് അരുണ്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.