ആലപ്പുഴ: ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ഡിസിസിയിൽ കൂട്ടരാജി. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് വിറ്റുവെന്ന് ആരോപിച്ചാണ് രാജി. കോൺഗ്രസ് നേതാവ് സജി ജോസഫ് വിമതനായി മത്സരിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. കുട്ടനാട്ടിലെ ജനങ്ങൾ കഴിഞ്ഞ കാലങ്ങളിലെ തെറ്റ് തിരുത്തുമെന്നും ഏപ്രിൽ ഒൻപതിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ താൻ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വൈകാരികമായ രംഗങ്ങൾക്കാണ് സജി ജോസഫിന്റെ വാർത്താസമ്മേളനം സാക്ഷ്യം വഹിച്ചത്. കോൺഗ്രസ് പ്രസ്ഥാനത്തെക്കുറിച്ച് പരാമർശിക്കവെ അദ്ദേഹം പൊട്ടിക്കരഞ്ഞു. താൻ ജനിച്ച അന്ന് മുതൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്നും അത്രയധികം ത്യാഗം സഹിച്ചാണ് ഈ പ്രസ്ഥാനത്തിൽ നിന്നിട്ടുള്ളതെന്നും അദ്ദേഹം പൊട്ടക്കരഞ്ഞുക്കൊണ്ട് പറഞ്ഞു. ലാത്തി ചാർജുകൾക്കിടയിൽ നിന്ന് ഓടിയൊളിക്കുകയോ കൂട്ടത്തിലുള്ള ആർക്കെങ്കിലും തല്ല് മേടിച്ചുക്കൊടുക്കുകയോ ചെയ്തിട്ടില്ല. പ്രസ്ഥാനത്തെയും നേതാക്കൻമാരെയോ കുറ്റം പറയാൻ തനിക്ക് സാധിക്കത്തില്ല. എന്നാൽ കുട്ടനാട്ടിലെ ജനങ്ങളുടെ ആത്മാഭിമാനം രക്ഷിക്കാനാണ് താൻ ജനവിധി തേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് വലിയ സാമ്പത്തിക ശക്തികൾക്കെതിരെയുള്ള പോരാട്ടമാണിതെന്നും പ്രചാരണത്തിന് വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്നോടൊപ്പം നിരവധി പ്രവർത്തകരും നേതാക്കളും പാർട്ടി വിടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മത്സരരംഗത്ത് നിന്ന് പിന്മാറാനുള്ള യാതൊരു സാധ്യതയുമില്ലെന്നും ഇതുവരെ മുതിർന്ന നേതാക്കളാരും തന്നെ ബന്ധപ്പെട്ട് അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സജി ജോസഫ് വ്യക്തമാക്കി. കുട്ടനാട്ടിലെ സാധാരണക്കാരായ ജനങ്ങൾ ഒന്നടങ്കം തന്നോടൊപ്പം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ നിന്ന് പുറത്തുപോകുന്നതിൽ വിഷമമുണ്ടെങ്കിലും ഇന്ന് തന്നെ രാജിക്കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ കുട്ടനാട് മണ്ഡലത്തിൽ യുഡിഎഫിന് ശക്തമായ വെല്ലുവിളിയാണ് ഉയർന്നിരിക്കുന്നത്.
English Summary: The Congress party in Alappuzha faces a major crisis as several DCC members resigned in protest against the Kuttanad seat being allocated to the Kerala Congress (Joseph) faction. Senior leader Saji Joseph has announced his decision to contest as a rebel independent candidate against the official UDF nominee in the upcoming Assembly Election on April 9, 2026. During an emotional press conference, a tearful Saji Joseph stated that his decision is to protect the self-respect of the people of Kuttanad against “money power.” He alleged that the seat was “sold” and expressed his deep pain in moving against the party he served since birth.

