ആലപ്പുഴ: കോട്ടയം വഴിയുള്ള വന്ദേ ഭാരത് എക്സ്പ്രസിന് ചെങ്ങന്നൂർ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി മന്ത്രി സജി ചെറിയാൻ. ഇതുസംബന്ധിച്ച് മന്ത്രി സജി ചെറിയാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു
മധ്യ തിരുവിതാംകൂറിലെ ഏറ്റവും പ്രധാനപ്പെട്ടതും യാത്രക്കാരുള്ളതുമായ റെയിൽവേ സ്റ്റേഷനാണ് ചെങ്ങന്നൂരെന്നു മന്ത്രി കേന്ദ്രമന്ത്രിക്കയച്ച കത്തിൽ പറഞ്ഞു. ശബരിമലയിലേക്ക് വരുന്ന തീർഥാടകർ ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂരാണ്. റെയിൽവേ തന്നെ ഔദ്യോഗികമായി ശബരിമലയിലേക്കുള്ള കവാടം എന്ന് വിശേഷിപ്പിക്കുന്നത് ചെങ്ങന്നൂരിനെയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ലക്ഷക്കണക്കിന് തീർഥാടകർ ശബരിമല സീസണിൽ ചെങ്ങന്നൂർ സ്റ്റേഷൻ വഴി യാത്ര ചെയ്യുന്നുണ്ട്. കൂടാതെ, റെയിൽവേ കണക്ടിവിറ്റി ഇല്ലാത്ത ഇടുക്കി ജില്ലയും ഒരു സ്റ്റേഷൻ മാത്രമുള്ള പത്തനംതിട്ടയും ചെങ്ങന്നൂരിനെ ആശ്രയിക്കുന്നു. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് ശബരിമല സീസണിനു മുന്നേ തന്നെ ചെങ്ങന്നൂരിൽ വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിക്കാൻ കേന്ദ്രമന്ത്രിയോട് അഭ്യർഥിച്ചതായി സജി ചെറിയാൻ പറഞ്ഞു. സമാന ആവശ്യവുമായി കൊടിക്കുന്നിൽ സുരേഷ് എംപിയും റെയിൽവേ അധികൃതരെ സമീപിച്ചിരുന്നു.
ആദ്യ വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചാൽ പത്തനംതിട്ട ജില്ലക്കാർക്കും ഏറെ ഗുണമാകും. രണ്ടു വന്ദേ ഭാരത് ട്രെയിനുകൾക്കും പത്തനംതിട്ടയിൽ സ്റ്റോപ്പില്ല. പത്തനംതിട്ട ജില്ലക്കാർക്ക് വന്ദേ ഭാരതിൽ യാത്ര ചെയ്യണമെങ്കിൽ കോട്ടയത്തോ കൊല്ലത്തോ പോകേണ്ട അവസ്ഥയാണ്. ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയിൽ വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.
ആദ്യ വന്ദേ ഭാരതിന് തിരുവനന്തപുരത്തിനും കാസർകോടിനും ഇടയിൽ ആകെ എട്ടു സ്റ്റോപ്പുകളാണ് ഉള്ളത്. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ ജംഗ്ഷൻ, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് സ്റ്റോപ്പുകൾ. തിരുവനന്തപുരത്തുനിന്ന് പുലർച്ച അഞ്ചരയോടെ പുറപ്പെടുന്ന ട്രെയിൻ ഉച്ചകഴിഞ്ഞ് ഒന്നരയോടെ കാസർകോട് എത്തിച്ചേരും. തിരിച്ച്, ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെടുന്ന ട്രെയിൻ രാത്രി പത്തരയോടെ തിരുവനന്തപുരത്ത് എത്തും