കൊച്ചി: ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. മലപ്പുറം സ്വദേശി ബിജു പി.ചെറുമകന്‍, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന്‍ എന്നിവരുടെ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്.
ഭരണഘടനയെ അപമാനിച്ച എംഎല്‍എയെ ആ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ സജി ചെറിയാനെ അയോഗ്യനാക്കാന്‍ നിയമ വ്യവസ്ഥയില്ലെന്നാണ് ഹൈക്കോടതി നിരീക്ഷണം. പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് സജി ചെറിയാന്‍ വിവാദ പരാമര്‍ശം നടത്തിയത്. വിവാദ പ്രസംഗത്തെ തുടര്‍ന്ന് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു.
”മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് ഞാന്‍ പറയും. ബ്രിട്ടീഷുകാര്‍ തയാറാക്കിക്കൊടുത്തൊരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിവച്ചു. അതിന്റെ ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു.
ആരു പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. അതില്‍ കുറച്ച് മുക്കിലും മൂലയിലുമൊക്കെയായി ഇച്ചിരി ഗുണങ്ങളൊക്കെ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തവും കൊടച്ചക്രവുമൊക്കെ അതിന്റെ മൂലയില്‍ എഴുതിവച്ചിട്ടുണ്ട്. പക്ഷെ, കൃത്യമായി കൊള്ളയടിക്കാന്‍ പറ്റിയതാണ്ഭരണഘടന അതുകൊണ്ടാണ് അംബാനിയും അദാനിയും ഒക്കെ വളര്‍ന്നു വരുന്നത്,” എന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്.
അതിനിടെ, ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസ് നീക്കമെന്ന സൂചനയുണ്ട്. ദേശാഭിമാനത്തെ വ്രണപ്പെടുത്തിയതിനു കേസെടുക്കാന്‍ പത്തനംതിട്ട തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയലാണു കോടതിയെ സമീപിച്ചത്.