കൊച്ചി: ഒടുവില്‍ ആ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. ആറ് വര്‍ഷമായി ക്ലബ്ബിന്‍റെ മധ്യനിരയിലെ നിറസാന്നിധ്യമായ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ബ്ലാസ്റ്റേഴ്സ് വിട്ടു. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്സിലേക്ക് ചേക്കേറുന്ന സഹലിന് ഒരായിരും നന്ദിയെന്നാണ് ബ്ലാസ്റ്റേഴ്സ് ട്വിറ്ററില്‍ കുറിച്ചത്.
ഒപ്പം മറ്റൊരു സുപ്രധാന പ്രഖ്യാപനവും ബ്ലാസ്റ്റേഴ്സ് നടത്തി. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്സിനെ കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നായകന്‍ പ്രീതം കോടാലിനെ ബ്ലാസ്റ്റേഴ്സിന്‍രെ മഞ്ഞക്കുപ്പായത്തില്‍ എത്തിച്ചു. കലൂരില്‍ പുലിയിറങ്ങിയിരിക്കുന്നു എന്നാണ് ബ്ലാസ്റ്റേഴ്സ് കോടാലിന്‍റെ വരവിനെ വിശേഷിപ്പിക്കുന്നത്.
സഹലിനെ കൊടുത്ത് പ്രീതം കോടാലിനെ സ്വന്തമാക്കുമ്പോള്‍ ട്രാന്‍സ്ഫര്‍ തുക എത്രയാണെന്ന് ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കിയിട്ടില്ല. അത്യന്തം ഹൃദയഭാരത്തോടെയാണ് സഹലിന് യാത്രയയപ്പ് നല്‍കുന്നതെന്നും താരത്തിലെ എല്ലാ നന്‍മകളും നേരുന്നുവെന്നും ബ്ലാസ്റ്റേഴ്സ് ട്വീറ്റില്‍ വ്യക്തമാക്കി.രാജ്യത്തെ മികച്ച മധ്യനിര താരങ്ങളിലൊരാളായ സഹല്‍ 2017ലാണ് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായത്തിലെത്തുന്നത്.
ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്‍റെ റെക്കോര്‍ഡ്(97) സഹലിന്‍റെ പേരിലാണ്. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിനായി പത്തു ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് സഹലിന്‍റെ നേട്ടം. ഇന്ത്യന്‍ കുപ്പായത്തില്‍ 30 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളും സ്വന്തമാക്കിയിട്ടുണ്ട്.
പ്രീതം കോടാലിനൊപ്പം മുംബൈ സിറ്റി എഫ് സി താരമായ നാവോച്ച സിംഗിനെയും ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിട്ടുണ്ട്. പ്രതിരോധനിര താരമായ നാവോച്ചയുടെ വരവ് ബ്ലാസ്റ്റേഴ്സ് പ്രതിരോധം ശക്തിപ്പെടുത്തുമെന്ന് ക്ലബ്ബ് അറിയിച്ചു. വായ്പാടിസ്ഥാനത്തിലാണ് നാവോച്ച സിംഗ് മുംബൈ സിറ്റിയില്‍ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. സഹലിന് പുറമെ ഗോള്‍ കീപ്പര്‍ പ്രഭ്സുഖന്‍ ഗില്ലും ഇത്തവണ ബ്ലാസ്റ്റേഴ്സ് വിട്ട് കൊല്‍ക്കത്തയിലേക്ക് പോയിരുന്നു. ഈസ്റ്റ് ബംഗാള്‍ എഫ് സിയിലേക്കാണ് പ്രഭ്സുഖന്‍ ഗില്‍ പോയത്.