KeralaNews

മുന്നണി മാറുമെന്ന പ്രതീക്ഷയിൽ അടുപ്പത്ത് വെള്ളംവെച്ചവർ അത് കളഞ്ഞേക്ക്’; ലീഗ് വേ ദിയിൽ ആഞ്ഞടിച്ച് സാദിഖലി തങ്ങൾ

സുല്‍ത്താന്‍ ബത്തേരി: മുസ്ലിം ലീഗിന്റെ നേതാക്കള്‍ക്കും അണികള്‍ക്കും സിപിഎമ്മിനും വ്യക്തമായ സന്ദേശം നല്‍കി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗ് ഒരിക്കലും മുന്നണി മാറ്റത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ ശക്തിപ്പെടുത്താനാണ് ലീഗ് ശ്രമിക്കുന്നതെന്നും തങ്ങള്‍ വ്യക്തമാക്കി.

പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വേദിയിലിരിക്കുമ്പോഴാണ് പാണക്കാട് തങ്ങളുടെ ശക്തമായ വാക്കുകള്‍. ആദ്യമായിട്ടാണ് ഇക്കാര്യത്തില്‍ ഇത്രയും വ്യക്തമായി പാണക്കാട് തങ്ങള്‍ പ്രതികരിക്കുന്നത്. യുഡിഎഫില്‍ തുടരാന്‍ ആയിരം കാരണങ്ങളുണ്ടെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. വയനാട്ടില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം.

മുസ്ലിം ലീഗ് യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേരുമെന്ന അഭ്യുഹം ശക്തമായിരുന്നു. സിപിഎം നടത്തിയ ചില നീക്കങ്ങളും സിപിഎം നേതാക്കളുടെ പ്രതികരണങ്ങളും ഇതിന് ബലമേകുകയും ചെയ്തു. ഏകസിവില്‍ കോഡ്, പലസ്തീന്‍ റാലികളിലേക്ക് സിപിഎം മുസ്ലിം ലീഗിനെ ക്ഷണിച്ചിരുന്നു. കൂടാതെ കേരള ബാങ്ക് ബോര്‍ഡിലേക്ക് മുസ്ലിം ലീഗ് എംഎല്‍എയെ സര്‍ക്കാര്‍ നിര്‍ദേശിക്കുകയും ചെയ്തു.

ഇതെല്ലാം മുസ്ലിം ലീഗ് മുന്നണി മാറുന്നതിന് മുന്നോടിയായി കളമൊരുക്കലാണ് എന്നായിരുന്നു പ്രചാരണം. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ക്ക് സിപിഎമ്മുമായി ചേരാന്‍ താല്‍പ്പര്യമുണ്ട് എന്ന പരോക്ഷ സംസാരവും ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും ചില ആശങ്കകള്‍ ഉടലെടുത്തു. ഈ വേളയിലാണ് സാദിഖലി തങ്ങളുടെ പ്രസംഗം പ്രസക്തമാകുന്നത്.

”യുഡിഎഫിനെ ശക്തിപ്പെടുത്തലാണ് മുസ്ലിം ലീഗിന്റെ പ്രധാന ചുമതല. അതില്‍ നിന്ന് ഒരിഞ്ചുപോലും മാറാന്‍ മുസ്ലിം ലീഗ് തയ്യാറല്ല. മുന്നണി മാറണമെങ്കില്‍ ബാങ്കിന്റെ വാതിലിലൂടെ കടക്കേണ്ട ആവശ്യം ലീഗിനില്ല. മാറ്റം വേണമെങ്കില്‍ തുറന്നുപറയും. ഇപ്പോള്‍ അതിന്റെ സാഹചര്യമില്ല. മുന്നണി ഉറപ്പിക്കാനാണ് 1000 ഇരട്ടി കാരണങ്ങളുള്ളത്. മുന്നണി മാറ്റത്തിന് ആരെങ്കിലും വെള്ളം അടുപ്പില്‍ വച്ചിട്ടുണ്ടെങ്കില്‍ ആ തീ കത്താന്‍ പോകുന്നില്ല- സാദിഖലി തങ്ങള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ലീഗ് ക്യാമ്പില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ കെപിഎ മജീദ് ഒരു ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരുന്നു. പൂക്കോയ തങ്ങള്‍ പണ്ട് പറഞ്ഞ വാക്കുകള്‍ ഓര്‍മിപ്പിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും കമ്യൂണിസ്റ്റുകള്‍ക്കൊപ്പം പോകില്ല എന്നായിരുന്നു മജീദ് പങ്കുവച്ച പോസ്റ്റിലെ ഉള്ളടക്കം. ഇതേ നിലപാട് തന്നെയാണ് സാദിഖലി തങ്ങളും ആവര്‍ത്തിച്ചത്. ഒരു വിഭാഗം ലീഗ് നേതാക്കള്‍ സിപിഎമ്മിന് കൈകൊടുക്കാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button