കൊച്ചി: കേരളത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും ഇല്ലാതാവുന്നത് ഒരേപോലെ അപകടമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഫാസിസത്തിനെതിരെ പോരാടാന്‍ ഇവിടെ കോണ്‍ഗ്രസും ഇടതും മുസ്ലീം ലീഗും ഉണ്ടാവണം. ബിജെപി ഒഴികെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും മുസ്ലീം ലീഗിന് എതിര്‍പ്പില്ലെന്നും ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സാദിഖലി തങ്ങള്‍ പറഞ്ഞു. സംസ്ഥാനത്ത് ബിജെപിയെ അകറ്റി നിര്‍ത്തുന്നതില്‍ ശക്തമായി നിലകൊള്ളുന്ന ഇടതുപക്ഷത്തെ മുസ്ലീംലീഗ് എതിര്‍ക്കുകയാണ്. ഇടതുപക്ഷം ഇല്ലാത്ത കേരളത്തെ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോയെന്ന ചോദ്യത്തോടായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം.
കോണ്‍ഗ്രസ് പാര്‍ട്ടി ഇല്ലാത്ത കേരളത്തെ സങ്കല്‍പ്പിക്കാന്‍ കഴിയുമോ. അത്രതന്നെ അപകടമാണ് സിപിഐഎം ഇല്ലാത്ത കേരളവും. സിപിഐഎമ്മും കോണ്‍ഗ്രസും മുസ്ലീം ലീഗും ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളും ഇവിടെ നിലനില്‍ക്കണം. ബിജെപി ഒഴികെയുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിക്കും തങ്ങള്‍ എതിരല്ല.’ സാദിഖലി തങ്ങള്‍ നിലപാട് വ്യക്തമാക്കി. എല്‍ഡിഎഫില്‍ ചേരാന്‍ മുസ്ലീം ലീഗ് ആഗ്രഹിക്കുന്നില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ”ഇത് സംബന്ധിച്ച ചര്‍ച്ചകളെ ഗൗരവമായി കാണുന്നില്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര മുന്നണിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കോണ്‍ഗ്രസ് ദുര്‍ബലമാകുന്നതിലൂടെ രാജ്യത്തെ ഏകാധിപത്യത്തിലേക്കും സ്വേച്ഛാധിപത്യത്തിലേക്കും തള്ളിവിടുകയാണ്. നരേന്ദ്ര മോദിയുടെ ഇന്ത്യയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചവര്‍ കൊല്ലപ്പെടുകയാണ്.” എല്‍ഡിഎഫിലൂടെ മാത്രമേ മതേതരത്വം നിലനില്‍ക്കൂവെന്ന് വിശ്വസിക്കുന്നില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കേരളത്തില്‍ മാത്രമാണ് സിപിഐഎം നിലനില്‍ക്കുന്നത്. അവര്‍ക്ക് പാര്‍ലമെന്റില്‍ തുച്ഛമായ സീറ്റുകളാണുള്ളത്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പോലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെ അടിവരയിട്ടിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ഉയര്‍ത്തിക്കാട്ടാവുന്ന മറ്റൊരു വ്യക്തിയാണ് എം കെ സ്റ്റാലിന്‍. എന്നാല്‍ സ്റ്റാലിനും രാഹുല്‍ ഗാന്ധിയെ പാന്‍ ഇന്ത്യ നേതാവായി ഉയര്‍ത്തികാട്ടി. ബിജെപിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കാനാണ് ഈ ശ്രമങ്ങളെല്ലാം ലക്ഷ്യമിടുന്നതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.