സാദിഖലി ശിഹാബ് തങ്ങൾ ലീഗ് സംസ്ഥാന പ്രസിഡണ്ട്

മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളുടെ പകരക്കാരനായി മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. മുസ്‌ലിം ലീഗിന്റെ പ്രത്യേക ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം തീര്‍ത്ത നിരാശക്കിടെയാണ് യോഗം ചേർന്നത്. നേരത്തെ ഹൈദരലി ശിഹാബ് തങ്ങള്‍ അസുഖബാധിതനായി കിടന്ന സമയത്ത് സംസ്ഥാന പ്രസിഡന്റിന്റെ ചുമതല താല്‍കാലികമായി വഹിച്ചത് സാദിഖലി ശിഹാബ് തങ്ങള്‍ ആയിരുന്നു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം കബറടക്കി. ഇന്നു പുലർച്ചെ രണ്ടു മണിയോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പാണക്കാട് ജുമാ മസ്ജിദിലായിരുന്നു കബറടക്കം. നേരത്തെ ഇന്നു രാവിലെ 9നാണു കബറടക്കം നിശ്ചയിച്ചരുന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

എന്നാൽ, ജനത്തിരക്ക് നിയന്ത്രണാതീതമായതിനാൽ ഇന്നലെ അർധരാത്രിയോടെ പൊതുദർശനം നിർത്തി മൃതദേഹം പാണക്കാട് വീട്ടിലേക്കെടുത്തു. ഈ സമയത്തും ആയിരക്കണക്കിനാളുകൾ പ്രിയ  നേതാവിനെ ഒരു നോക്കു കാണാൻ കാത്തു നിൽപ്പുണ്ടായിരുന്നു. 

അർബുദ രോഗത്തിനു ചികിത്സയിലിരിക്കെ, ഇന്നലെ ഉച്ചയ്ക്ക് 12.40ന് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലായിരുന്നു തങ്ങളുടെ അന്ത്യം. രാത്രി 7 മുതൽ മലപ്പുറം ടൗൺ ഹാളിൽ പൊതു ദർശനത്തിനു വച്ച മൃതദേഹത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമുൾപ്പെടെ വൻ ജനാവലി അന്ത്യാഞ്ജലി അർപ്പിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News