കൊച്ചി: കര്‍ഷകദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്ല ബുദ്ധി തോന്നുന്നതിനായി ‘സദ്ബുദ്ധി സത്യാഗ്രഹം’ നടത്താന്‍ ആഹ്വാനം ചെയ്ത് സംസ്ഥാന കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതി. ഫെബ്രുവരി 13 ന് വൈകിട്ട് കേരളത്തിലെ എല്ലാ ജില്ലകളിലും സത്യാഗ്രഹം നടത്താനാണ് തീരുമാനം. ഐക്യദാര്‍ഢ്യ സമിതികളുടെയും കര്‍ഷക കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കവലകളിലും വീടുകളിലും ‘സദ്ബുദ്ധി സത്യാഗ്രഹം’ സംഘടിപ്പിക്കും എന്ന് കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതി പ്രസ്താവനയില്‍ പറഞ്ഞു.
ഇരുമ്ബനത്ത് ആരംഭിക്കുന്ന ബി.പി.സി.എല്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യുന്നതിനായി ഫെബ്രുവരി 14ന് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നുണ്ട്. ഇതോടനുബന്ധിച്ച് കാക്കനാട് നിന്നും മോദി പങ്കെടുക്കുന്ന ഇരിമ്ബനത്തുള്ള വേദിയിലേക്ക് ഒരു പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് സംസ്ഥാന കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതി അറിയിച്ചു.
അഡ്വ. ജോണ്‍ ജോസഫ്, പുരുഷന്‍ ഏലൂര്‍, പി ജെ മാനുവല്‍, കുസുമം ജോസഫ്, സി ആര്‍ നീലകണ്ഠന്‍, പി പി ജോണ്‍, ജാക്സണ്‍ പൊള്ളയില്‍, അഡ്വ. ബിനോയ് തോമസ്, വിജയരാഘവന്‍ ചേലിയ, കെ അജിത, ജോണ്‍ പെരുവന്താനം, തോമസ് കളപ്പുര, എന്‍ സുബ്രഹ്മണ്യന്‍, ശരത് ചേലൂര്‍, കെ സഹദേവന്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുള്ളത്.