NationalNews

സച്ചിന്‍ തെൻഡുൽക്കറുടെ ഡീപ്ഫെയ്ക് വിഡിയോ: ഗെയിമിങ് സൈറ്റിനും ഫെയ്സ്ബുക്ക് പേജിനുമെതിരെ കേസ്

മുംബൈ ഡീപ്‌ഫെയ്ക് വിഡിയോയില്‍ ആശങ്കയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയതിനു പിന്നാലെ, ഗെയിമിങ് സൈറ്റിനും ഫെയ്‌സ്ബുക്ക് പേജിനുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് മുംബൈ പൊലീസ്. ഐപിസി സെക്ഷന്‍ 500 (അപകീര്‍ത്തിപ്പെടുത്തല്‍), ഐടി നിയമത്തിലെ 66 എ (തെറ്റായ വിവരങ്ങളടങ്ങിയ സന്ദേശങ്ങള്‍ അയയ്ക്കല്‍) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

സച്ചിന്റെ പഴ്‌സനല്‍ അസിസ്റ്റന്റ് ചൊവ്വാഴ്ച സൈബര്‍ പൊലീസിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡീപ്‌ഫെയ്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി നിര്‍മിച്ചതാണ് വിഡിയോ എന്ന് പരാതിയില്‍ പറയുന്നു. നേരത്തേ, പരാതികളുയരുമ്പോള്‍ പ്രതികരിക്കാനും ജാഗ്രത പാലിക്കാനും സമൂഹമാധ്യമങ്ങള്‍ തയാറാകണമെന്ന് സച്ചിന്‍ എക്‌സില്‍ കുറിച്ചിരുന്നു. തെറ്റായ വിവരങ്ങളും ഡീപ്‌ഫെയ്ക്കുകളും തടയുന്നതിന് അത്തരം നടപടികള്‍ പ്രധാനമാണെന്നും താരം പറഞ്ഞു.

വിഡിയോയില്‍ ഗെയിം ആപ്പിനെ പിന്തുണച്ചു സംസാരിക്കുന്നതു മാത്രമല്ല, സച്ചിന്റെ മകള്‍ സാറ ഇതിലൂടെ നേട്ടങ്ങളുണ്ടാക്കുന്നുണ്ടെന്നും അവകാശപ്പെടുന്നുണ്ട്. സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുന്നതിനെതിരെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അടുത്തിടെ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും ശക്തമായ നടപടി എടുക്കേണ്ടതുണ്ടെന്നും സച്ചിന്‍ പ്രതികരിച്ചു. അതിനു പിന്നാലെയാണ് സച്ചിന്റെ ഡീപ്‌ഫെയ്ക് വിഡിയോ പുറത്തിറങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button