KeralaNews

അഭിഭാഷകനോടു മോശം പെരുമാറ്റം: ആലത്തൂർ എസ്ഐയെ സ്ഥലം മാറ്റിയതായി ഡിജിപി ഹൈക്കോടതിയിൽ

കൊച്ചി: ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോടു മോശമായി പെരുമാറിയ സംഭവത്തിൽ എസ്ഐ വി.ആർ. റിനീഷിനെ സ്ഥലം മാറ്റിയതായി ഡിജിപി ദർവേഷ് സാഹിബ് ഹൈക്കോടതിയിൽ. സംഭവത്തിൽ ഉദ്യോഗസ്ഥനു മുന്നറിയിപ്പ് നൽകിയതായി അറിയിച്ച ഡിജിപി, എസ്ഐ കുറ്റക്കാരനാണെങ്കിൽ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി. കോടതി നിർദേശിച്ചതിനെ തുടർന്ന് ഓൺലൈനായി ഹാജരായാണ് ഡിജിപി വിശദീകരണം നൽകിയത്.

പൊലീസിനെ വിമർശിച്ച ഹൈക്കോടതി എസ്ഐയുടെ നടപടി ശരിയാണെന്നു തോന്നുന്നുണ്ടോയെന്ന് ഡിജിപിയോട് ആരാഞ്ഞു. ആരേയും ചെറുതായി കാണരുത്. പരമാധികാരം ജനങ്ങൾക്കാണ്. പൊതുജനങ്ങളോടുള്ള പെരുമാറ്റം സംബന്ധിച്ച് പൊലീസിന് കർശന പരിശീലനം നൽകണമെന്നും കോടതി നിർദേശിച്ചു. എസ്ഐ റിനീഷിനെതിരെ സമാനമായ വേറെയും പരാതികൾ ഉണ്ടെന്ന് പരാതിക്കാരനായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ വാഹനം വിട്ടുകൊടുക്കാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകൻ അക്വിബ് സുഹൈലും എസ്ഐ വി.ആർ. റിനീഷും തമ്മിലാണ് സ്റ്റേഷനില്‍ വച്ച് വാക്കുതര്‍ക്കമുണ്ടായത്. ഇരുവരും പരസ്പരം വാക്കേറ്റത്തിലേര്‍പ്പെടുന്നതിന്‍റെ വിഡിയോയും പുറത്തുവന്നിരുന്നു. വിഷയത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button