പാലി (രാജസ്ഥാൻ)∙ രാജസ്ഥാന്‍ കോൺഗ്രസിലെ യുവനേതാവും അശോക് ഗെലോട്ടിന്റെ മുഖ്യമന്ത്രി പദത്തിന് വെല്ലുവിളി ഉയർത്തുകയും ചെയ്യുന്ന സച്ചിൻ പൈലറ്റിനെ ‘ചതിയൻ’ എന്നു വിശേഷിപ്പിച്ച് ഗെലോട്ട്. ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗെലോട്ട് ആറു തവണ പൈലറ്റിനെ ചതിയൻ എന്നു വിളിക്കുന്നത്. ‘‘ഒരു ചതിയനെ ഒരിക്കലും മുഖ്യമന്ത്രിയാക്കാൻ കഴിയില്ല. 10 എംഎൽഎമാരുടെ പിന്തുണയില്ലാത്ത സച്ചിൻ പൈലറ്റിനെ ഹൈക്കമാൻഡിന് ഒരിക്കലും മുഖ്യമന്ത്രിയാക്കാൻ കഴിയില്ല. നേതൃത്വത്തിനെതിരെ ലഹളയുണ്ടാക്കിയ ആളാണ്. പാർട്ടിയെ വഞ്ചിച്ചയാളാണ്. ചതിയനാണ്’’ – ഗെലോട്ട് കൂട്ടിച്ചേർത്തു.
‘‘സ്വന്തം സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുന്ന പാർട്ടി പ്രസിഡന്റിനെ ഇന്ത്യ ആദ്യമായി കാണുകയാകും’’ – 2020ൽ സച്ചിൻ പൈലറ്റ് എംഎൽഎമാരുമായി നടത്തിയ ലഹളയെ ഓർമിപ്പിച്ച് ഗെലോട്ട് പറഞ്ഞു. ബിജെപി ഫണ്ട് ചെയ്ത പ്രതിസന്ധിയായിരുന്നു അതെന്നും തെളിവുകൾ വ്യക്തമാക്കാതെ ഗെലോട്ട് കൂട്ടിച്ചേർത്തു.
അന്ന് രണ്ടു വർഷമായി ഉപമുഖ്യമന്ത്രി പദവിയിൽ ഇരുന്ന പൈലറ്റ് 19 എംഎൽഎമാരുമായി ഡൽഹിക്കടുത്ത് ഫൈവ് സ്റ്റാർ റിസോർട്ടിൽ ക്യാംപ് ചെയ്താണ് കാര്യങ്ങൾ ആസൂത്രണം ചെയ്തത്. ഒന്നുകിൽ മുഖ്യമന്ത്രിയാക്കുക അല്ലെങ്കിൽ പാർട്ടിക്കു പുറത്തേക്കുപോകും. ഇതായിരുന്നു പൈലറ്റിന്റെ വെല്ലുവിളി. പിന്നീട് പൈലറ്റ് പക്ഷത്തുനിന്ന് എംഎൽഎമാർ ചാടി. 100ൽ അധികം എംഎൽഎമാരുമായി ഗെലോട്ട് പക്ഷവും കരുത്തു കാട്ടി. ഇതേത്തുടർന്ന് പൈലറ്റ് തോൽവി സമ്മതിക്കുകയായിരുന്നു. പിന്നാലെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനവും ഉപമുഖ്യമന്ത്രി പദവിയും അദ്ദേഹത്തിന് നഷ്ടമായി.
‘‘ലഹളയുടെ സമയം പൈലറ്റ് ഡൽഹിയിൽ വച്ച് കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ചില എംഎൽഎമാർക്ക് 5 കോടിയും ചിലർക്ക് 10 കോടിയും ലഭിച്ചു. ബിജെപിയുടെ ഡൽഹി ഓഫിസിൽനിന്നാണ് പണം നൽകിയത്. കോൺഗ്രസിന്റെ ദൂതന്മാർക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം നൽകാതിരുന്ന പൈലറ്റ് അന്ന് ധർമേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തി’’ – ഗെലോട്ട് ആരോപിച്ചു.