ഭോപ്പാല്‍: അര്‍ധനഗ്‌ന മോഡലുകളെ അഭിനയിപ്പിച്ച മംഗല്യസൂത്ര കളക്ഷന്റെ പരസ്യം പിന്‍വലിച്ച് ഡിസൈനര്‍ സബ്യ സാചി. മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ താക്കീതിനെ തുടര്‍ന്നാണ് നടപടി. 24 മണിക്കൂറിനുള്ളില്‍ പരസ്യചിത്രം പിന്‍വലിക്കണമെന്നായിരുന്നു മന്ത്രിയുടെ താക്കീത്.
ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ സബ്യ സാചി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ പരസ്യം ഏതെങ്കിലും സമൂഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിയായ ഖേദമുണ്ടെന്ന് സാചി പറഞ്ഞു. വിവിധ സംസ്‌കാരങ്ങളെയും പാരമ്പര്യങ്ങളെയും സംയോജിപ്പിച്ചുകൊണ്ടുള്ള അന്തരീക്ഷം ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു തങ്ങളുടെ പരസ്യം. എന്നാല്‍ ഒരു വിഭാഗത്തെ ഇത് വിഷമിപ്പിച്ചുവെന്നറിഞ്ഞതില്‍ ദു:ഖമുണ്ട്. അതിനാല്‍ പരസ്യം പിന്‍വലിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസാണ് സാചി ഹിന്ദു വിവാഹ ചടങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന മംഗല്യസൂത്രത്തിന്റെ അര്‍ദ്ധ നഗ്‌ന മോഡലുകളെ അഭിനയിപ്പിച്ചുകൊണ്ടുള്ള പരസ്യചിത്രം സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ചത്. പരസ്യത്തില്‍ മോഡലുകളായ സ്ത്രീകള്‍ അല്‍പ്പവസ്ത്രധാരികളും പുരുഷന്മാര്‍ ഷര്‍ട്ട് ഇടാതെയുമാണ് അഭിനയിച്ചിരിക്കുന്നത്.
ഇതേ തുടര്‍ന്ന് ഹിന്ദു വിശ്വാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരികയും, പോലീസില്‍ സാചിയ്ക്കെതിരെ പരാതിയുള്‍പ്പെടെ നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യ പിന്‍വലിച്ചില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമ നടപടികളിലേക്ക് കടക്കുമെന്ന് നരോത്തം മിശ്ര മുന്നറിയിപ്പ് നല്‍കിയത്. ഇതോടെ പരസ്യം പിന്‍വലിക്കുകയായിരുന്നു.