തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപരനെ രംഗത്തിറക്കാനുള്ള ശ്രമത്തിലാണെന്ന് ആരോപിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം സ്വരാജിന്റെ ആരോപണത്തോട് പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെഎസ് ശബരിനാഥന്‍. വയനാട്ടില്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് അപരനായി മത്സരിച്ച രാഹുല്‍ ഗാന്ധി ഇപ്പോള്‍ സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിക്ക് കീഴിലെ ജില്ലാ കോര്‍ഡിനേറ്ററായി ഉയര്‍ന്ന ശമ്പളം വാങ്ങിച്ചു കഴിയുകയാണെന്ന് ശബരിനാഥന്‍ പറഞ്ഞു. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയാണിതെന്നും അദ്ദേഹം പറഞ്ഞു.
ശബരിനാഥന്റ പ്രതികരണം ഇങ്ങനെ
വയനാട്ടില്‍ നിന്നുള്ള രഹസ്യ വിവരവും അപരനും രാഹുല്‍ ഗാന്ധി(s/o വത്സമ്മയും)
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തുടങ്ങിയതിനുശേഷം സുഹൃത്ത് സ്വരാജിന്റെ ചില ഫേസ്ബുക്ക് പോസ്റ്റുകള്‍ വിചിത്രമാണ് . ഇപ്പോള്‍ വയനാട്ടില്‍ നിന്നും ഏതോ ഒരു അപര സ്ഥാനാര്‍ത്ഥിയെക്കുറിച്ച് അദ്ദേഹത്തിന് ലഭിച്ച രഹസ്യവിവരം(?) പടച്ചുവിട്ടിരിക്കുകയാണ് .
വയനാട്ടിലെ അപരനെക്കുറിച്ച് അദ്ദേഹം മറന്നുപോയ കാര്യം ഓര്‍മിപ്പിക്കാം.2019 ലോക്സഭ ഇലക്ഷന് രാഹുല്‍ ഗാന്ധിക്കെതിരെ LDF ഒരു 33 വയസ്സുകാരനായ അപരനെ മത്സരിപ്പിച്ചു.ഇലക്ഷന്‍ കമ്മിഷന്‍ ബാല്ലറ്റ് പേപ്പറില്‍ നല്‍കിയ പേര് Rahul Gandhi E.K(son of valsamma) എന്നാണ്.അദ്ദേഹത്തിന് 2,198 വോട്ട് ലഭിച്ചു.
ടിയാന്‍ ഇപ്പോള്‍ സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ് പദ്ധതിക്കു കീഴിലെ ജില്ലാ കോര്‍ഡിനേറ്ററായി ഉയര്‍ന്ന ശമ്പളം വാങ്ങിച്ചു കഴിയുകയാണ് എന്നാണ് അറിവ്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നല്ലാതെ എന്തു പറയാന്‍?
അപരന്മാരുടെ കാര്യവും കല്ലറയിലെ കാര്യവും മാറ്റി നിര്‍ത്തി വരും ദിവസങ്ങളില്‍ നിങ്ങള്‍ രാഷ്ട്രീയം പറയു, അതു സന്തോഷത്തോടെ ചര്‍ച്ചചെയ്യാം.
എം സ്വരാജ് പറഞ്ഞത്:
ഡോ.ജോ ജോസഫിനെ തേടി വയനാട്ടിലേയ്ക്ക്…..തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസിന് അടിപതറിയിരിക്കുന്നു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയ്ക്കു ലഭിയ്ക്കുന്ന സ്വീകാര്യത ഒട്ടൊന്നുമല്ല കോണ്‍ഗ്രസ് നേതാക്കന്മാരുടെ ഉറക്കം കെടുത്തുന്നത്. കോണ്‍ഗ്രസില്‍ തന്നെ ഒരു വിഭാഗം വികസനത്തോടൊപ്പമാണ് തങ്ങളെന്ന് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. രാഷ്ട്രീയത്തിനുപരിയായി വികസനപക്ഷം ചേര്‍ന്ന് നടക്കാന്‍ ജനങ്ങളൊന്നടങ്കം സന്നദ്ധമാവുന്നതിന്റെ ദൃശ്യങ്ങളാണെങ്ങും. യു ഡി എഫിന് വിജയം അസാധ്യമെന്ന് ഉറപ്പായപ്പോള്‍ പതിവുപോലെ തരം താഴ്ന്ന തട്ടിപ്പു പരിപാടികളുമായി രംഗത്തിറങ്ങാനാണ് കോണ്‍ഗ്രസിലെ അണിയറ നീക്കമത്രെ.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ അതേ പേരുള്ള ഒരു അപരനെ തേടി തെക്കുവടക്ക് അലയുകയായിരുന്ന കോണ്‍ഗ്രസ് നേതാക്കാന്‍മാര്‍ക്ക് ഏതാണ്ട് അതേ പേരില്‍ ഒരാളെ വയനാട്ടില്‍ നിന്നു കണ്ടു കിട്ടിയെന്നാണ് കോണ്‍ഗ്രസിലെ ഒരു സൂഹൃത്ത് രഹസ്യമായി ഇപ്പോള്‍ പറഞ്ഞത്. വയനാട്ടില്‍ ആശാന്‍പറമ്പില്‍ വീട്ടിലെ ഒരു 44 കാരനെയാണത്രെ വലവീശി പിടിച്ചിരിയ്ക്കുന്നത്.!അതെ, അപരനെ നിര്‍ത്തി വോട്ടര്‍മാരെ പറ്റിയ്ക്കാനാണ് പരിപാടി. അപരന് ലഭിയ്ക്കുന്ന അബദ്ധ വോട്ടുകളുടെ ബലത്തില്‍ ജയിക്കാനാകുമോ എന്ന അറ്റകൈ പ്രയോഗത്തിനാണ് കോപ്പുകൂട്ടുന്നത്.
തട്ടിപ്പും തരികിടയും അപരനെ നിര്‍ത്തി പറ്റിയ്ക്കലുമായി തൃക്കാക്കരയില്‍ ഇറങ്ങുന്ന കോണ്ഗ്രസ് വെല്ലുവിളിയ്ക്കുന്നത് ജനാധിപത്യത്തെയും രാഷ്ട്രീയത്തിലെ ധാര്‍മികതയെയും മാത്രമല്ല തൃക്കാക്കരയിലെ ഓരോ വോട്ടറെയുമാണ്. കുടിലതയുടെ കോണ്‍ഗ്രസ് രാഷ്ട്രീയം നൂറ് അപരന്മാരെ നിര്‍ത്തട്ടെ..വോട്ടര്‍മാരെയും ജനാധിപത്യത്തെയും പരിഹസിയ്ക്കുന്ന തട്ടിപ്പു പരിപാടിയ്ക്കു എല്‍ ഡി എഫ് ഇല്ല എന്ന് ഉറപ്പിച്ചു പറയുന്നു. അപരനെ നിര്‍ത്തിയും ജനങ്ങളെ പറ്റിച്ചുമല്ല മറിച്ച് ജനങ്ങളുടെ വിശ്വാസം നേടിയാണ് വിജയിക്കേണ്ടത്. രാഷ്ട്രീയ ധാര്‍മികതയുടെ പതാകയുമായി ഇടതുപക്ഷം തിളക്കമാര്‍ന്ന വിജയം നേടും. തട്ടിപ്പു സംഘത്തിന്റെ നാണം കെട്ട വേലത്തരങ്ങള്‍ക്ക് തൃക്കാക്കരയിലെ വോട്ടര്‍മാര്‍ മറുപടി നല്‍കും തീര്‍ച്ച.