27.1 C
Kottayam
Saturday, May 4, 2024

ശബരിമല നട ഇന്ന് തുറക്കും, യുവതികളെത്തുമോയെന്ന ആകാംഷയിൽ വിശ്വാസികളും സർക്കാരും

Must read

ശബരിമല:ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകൾ.2019 -20 വർഷത്തെ മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് യോഗ നിദ്രയിലിരിക്കുന്ന കലിയുഗവരദന്റെ മുന്നിൽ വിളക്ക് തെളിയ്ക്കും. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും നടകൾ തുറന്ന് വിളക്കുകൾ കത്തിക്കും.ശരണം വിളികളുമായി കൈകൂപ്പി നിൽക്കുന്ന അയ്യപ്പഭക്തർക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര് വിഭൂതി പ്രസാദം വിതരണം ചെയ്യും. പതിനെട്ടാം പടിയ്ക്ക് മുന്നിലെ ആഴിയിൽ തീ പകർന്ന ശേഷമെ ഇരുമുടി കെട്ടുമായി ദർശനത്തിന് കാത്തു നിൽക്കുന്ന അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കുകയുള്ളൂ.
പ്രസാദ വിതരണം കഴിഞ്ഞാൽ പുതിയ മേൽശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും. ശബരിമല മേൽശാന്തി
എ.കെ.സുധീർ നമ്പൂതിരിയെ അയ്യപ്പ ശ്രീകോവിലിനു മുന്നിലെ സോപാനത്ത് ഇരുത്തി തന്ത്രി അഭിഷേകം നടത്തും. ശേഷം ശ്രീകോവിലിനുള്ളിൽ വച്ച് അയ്യപ്പന്റെ മൂലമന്ത്രവും തന്ത്രി മേൽശാന്തിക്ക് പകർന്ന് നൽകും. മാളികപ്പുറം മേൽശാന്തിയായ എം.എസ്.പരമേശ്വരൻ നമ്പൂതിരിയെ മാളികപ്പുറത്ത് ദേവിയുടെ മുന്നിൽ ഇരുത്തി അഭിഷേക ചടങ്ങുകൾ ചെയ്ത് സ്ഥാനാരോഹണം നടത്തും. ഇത് മുതൽ ഇവർ ഇരുവരും പുറപ്പെടാ ശാന്തിമാർ ആകും. വൃശ്ചികപ്പുലരിയിൽ 17.11.19 ന് രാവിലെ അയ്യപ്പ ശ്രീകോവിൽ നട തുറക്കുന്നത് പുതിയ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ആയിരിക്കും. മാളികപ്പുറം ക്ഷേത്രനട എം.എസ്.പരമേശ്വരൻ നമ്പൂതിരിയും തുറന്ന് അയ്യപ്പഭക്തർക്ക് ദർശനപുണ്യത്തിന് വഴിയൊരുക്കും.മണ്ഡലകാലത്ത് അയ്യപ്പദർശനപുണ്യത്തിനായി വൻ ഭക്തജന തിരക്കായിരിക്കും ശബരിമലയിൽ അനുഭവപ്പെടുക. ഡിസംബർ 27 നാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജ.വിശ്ചികം ഒന്നിന് ശബരിമല നട തുറക്കുന്ന ദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, ബോർഡ് അംഗങ്ങളായ അഡ്വ.എൻ.വിജയകുമാർ, അഡ്വ.കെ.എസ്.രവി ,ദേവസ്വം കമ്മീഷണർ എം ഹർഷൻ തുടങ്ങിയവർ ക്ഷേത്ര ദർശനത്തിനായി എത്തിച്ചേരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week