പത്തനംതിട്ട: ശബരിമല വിഷയത്തില്‍ നാമജപ ഘോഷയാത്രയ്ക്ക് പന്തളത്ത് നേതൃത്വം നല്‍കിയ നേതാവ് അടക്കം നിരവധി പേര്‍ സിപിഎമ്മിലേക്ക്. ധര്‍മസംരക്ഷണ സമിതി ചെയര്‍മാനും ബിജെപി നേതാവുമായ എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിപിഎമ്മില്‍ ചേരുന്നത്. പന്തളത്ത് ഇന്ന് നടക്കുന്ന യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കും.
ബിഎംഎസ് മേഖലാ ജോ. സെക്രട്ടറി എംസി സദാശിവന്‍, ബിജെപി മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എംആര്‍ മനോജ് കുമാര്‍, ബാലഗോകുലം മുന്‍ താലൂക്ക് സെക്രട്ടറി അജയകുമാര്‍ വാളാകോട്ട്, മുനിസിപ്പല്‍ കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റ് സുരേഷ്, മഹിളാ മോര്‍ച്ച ആറന്മുള നിയോജകമണ്ഡലം സെക്രട്ടറി ശ്രീലത എന്നിവരടക്കം മുപ്പതിലധികം നേതാക്കളും പ്രവര്‍ത്തകരുമാണ് ബിജെപി വിട്ടത്.
ശബരിമല വിഷയത്തില്‍ പന്തളത്ത് നാമജപ ഘോഷയാത്ര നടത്തിയതിനുപിന്നിലെ ബുദ്ധിയും ആസൂത്രണവും കൃഷ്ണകുമാറിന്റേതായിരുന്നു. സംഘര്‍ഷത്തില്‍ കൃഷ്ണകുമാറിനെതിരെ കേസെടുക്കുകയും ജയിലില്‍ അടയ്ക്കുകയുംചെയ്തു. എന്നാല്‍ ബിജെപി ഉന്നത നേതാക്കള്‍ പിന്നെ കൃഷ്ണകുമാറിനെ തിരിഞ്ഞുനോക്കിയില്ല. ഇതില്‍ കടുത്ത അതൃപ്തിയിലായിരുന്നു.
പത്തനംതിട്ട ഡിസിസി അംഗവും മുന്‍ പഞ്ചായത്തംഗവും, കോണ്‍ഗ്രസ് പന്തളം മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ വിടി ബാബു, കര്‍ഷക കോണ്‍ഗ്രസ് അടൂര്‍ മണ്ഡലം പ്രസിഡന്റും കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയന്‍ നിയോജകമണ്ഡലം പ്രസിഡന്റുമായ പന്തളം വിജയന്‍, കേരള കോണ്‍ഗ്രസ് അടൂര്‍ മണ്ഡലം പ്രസിഡന്റ് ഇടിക്കുള വര്‍ഗീസ് എന്നിവരടക്കം 25 ല്‍ അധികം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സിപിഎമ്മിലേക്ക് എത്തിയിട്ടുണ്ട്.