വി.കെ. ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി; രജികുമാര്‍ എം.എന്‍ മാളികപ്പുറം മേല്‍ശാന്തി

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി വി.കെ. ജയരാജ് പോറ്റിയെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ നറുക്കെടുപ്പിലൂടെയാണ് മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്. തൃശൂര്‍ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ്. പുതിയ നിയോഗത്തില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. അങ്കമാലി വേങ്ങൂര്‍ സ്വദേശി രജികുമാര്‍ എം എന്‍ ആണ് മാളികപ്പുറം മേല്‍ശാന്തി.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ എന്‍ വാസു, അംഗങ്ങളായ അഡ്വ. എന്‍ വിജയകുമാര്‍, അഡ്വ. കെ എസ് രവി, ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ മനോജ്, ദേവസ്വം കമ്മിഷണര്‍ ബി എസ് തിരുമേനി, ഹൈക്കോടതി നിരീക്ഷകന്‍ ജസ്റ്റിസ് കെ പദ്മനാഭന്‍ നായര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

കൊവിഡ് മാനദണ്ഡം പാലിച്ച് 250 തീര്‍ത്ഥാടകര്‍ക്കാണ് ഒരു ദിവസം ശബരിമലയില്‍ ദര്‍ശനാനുമതി. 48 മണിക്കൂര്‍ മുമ്പ് കൊവിഡ് ടെസ്റ്റിന് വിധേയമായ സര്‍ട്ടിഫിക്കറ്റ് കൈവശം വേണം. കൊവിഡ് ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ പമ്പയിലും നിലയ്ക്കലും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കലില്‍ ആരോഗ്യ വകുപ്പ് സൗജന്യമായി ആന്റിജന്‍ ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിനായി ദേവസ്വം ബോര്‍ഡ് 500 കിറ്റുകള്‍ വാങ്ങി നല്‍കി. രണ്ട് സ്വകാര്യ ഏജന്‍സികളുമുണ്ട്. ഇവര്‍ 625 രൂപ ഈടാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News