ശബരിമല സ്വർണക്കൊള്ള: നടന്‍ ജയറാമിന്റെ മൊഴിയെടുക്കും; നിര്‍ണായക നീക്കവുമായി എസ്.ഐ.ടി, പത്മകുമാറിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു, വിദേശയാത്രകളും അന്വേഷണ പരിധിയില്‍

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ മൊഴിയെടുക്കാൻ സമയം തേടുമെന്ന് എസ്ഐടി. ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്റെ വീട്ടിൽ പോറ്റി കൊണ്ട് പോയിരുന്നു. കേസിൽ ജയറാം സാക്ഷിയാകുമെന്നും എസ്ഐടി അറിയിച്ചു. ജയറാമിനെ പോലുള്ള പ്രമുഖരെ വരെ പോറ്റി കബളിപ്പിച്ചു എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ നാളെ അന്വേഷണസംഘം അപേക്ഷ സമർപ്പിക്കും. കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിക്കുന്നത്. അതേസമയം ശബരിമല സന്നിധാനത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫോറൻസിക് ഫലം ലഭിച്ചതിനുശേഷം ആയിരിക്കും തുടർന്നുള്ള അറസ്റ്റുകളിലേക്ക് എസ് ഐ ടി നീങ്ങുക. പത്മകുമാറിന്റെ വീട്ടിൽ നിന്നും അന്വേഷണസംഘം കണ്ടെത്തിയ രേഖകളിൽ തുടർ പരിശോധന നടക്കുകയാണ്.

ഭൂമി വില്പനയുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെയാണ് കണ്ടെത്തിയിട്ടുള്ളത്. അന്നത്തെ ഭരണ നേതൃത്വവുമായി ബന്ധപ്പെട്ട് സ്വർണ്ണക്കൊള്ളയെ ബന്ധിപ്പിക്കാൻ സാധിക്കുന്ന രേഖകൾ ഒന്നും തന്നെ ഇതേവരെ ലഭിച്ചിട്ടില്ല എന്നാണ് അന്വേഷണസംഘം പറയുന്നത്.

കേസില്‍ അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ പാസ്പോർട്ട് പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി.) പിടിച്ചെടുത്തു. ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇംഗ്ലണ്ട് യാത്രകളിൽ പത്മകുമാറും പോയിരുന്നോ എന്നറിയാനാണ് ശ്രമം. ആറന്മുളയിലെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് അന്വേഷണ സംഘം പാസ്പോർട്ട് പിടിച്ചെടുത്തത്. പത്മകുമാറിന്റെയും ഭാര്യയുടെയും ആദായനികുതി വിവരങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരുടെയും ആസ്തികളിലും അന്വേഷണം നടത്തും.

2019-ൽ ശ്രീകോവിലിലെ കട്ടിളപ്പാളി, ദ്വാരപാലകശില്പങ്ങൾ എന്നിവയിലെ സ്വർണപ്പാളികളിൽനിന്ന് സ്വർണം തട്ടിയെടുത്തശേഷം ഉണ്ണികൃഷ്ണൻ പോറ്റി ഇംഗ്ലണ്ടിലേക്കും ഈജിപ്തിലേക്കും പോയെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മറ്റുപ്രതികളുടെ വിദേശയാത്രാവിവരം പാസ്‌പോർട്ടിൽനിന്ന് ശേഖരിക്കുന്നുണ്ട്. പ്രതിപ്പട്ടികയിൽ ഇനി അറസ്റ്റിലാവാനുള്ളവരുടെ പാസ്‌പോർട്ടുകളും മൊഴിയെടുക്കൽ ഘട്ടത്തിൽ പരിശോധിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിദേശയാത്രകളെക്കുറിച്ച് സമഗ്രമായ അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News