തിരുവനന്തപുരം: ശബരിമല ക്ഷേത്രം നടത്തിപ്പുകാർക്ക് ജയിൽവാസം പ്രവചിച്ച 2014-ലെ ശബരിമല ദേവപ്രശ്‌ന വിധി സ്വർണ്ണക്കൊള്ളയെ തുടർന്ന് ശ്രദ്ധേയമാകുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്ക് അപായം, വ്യവഹാരം, മാനഹാനി, ജയിൽവാസം എന്നിവയാണ് 2014-ലെ ദേവപ്രശ്‌നത്തിൽ തെളിഞ്ഞത്. ശബരിമലയിലെ കൊടിമരം മാറ്റണമെന്ന നിർദേശം നൽകിയതും ഇതേ ദേവപ്രശ്‌നത്തിലാണ്. പതിനെട്ടാം പടിയുടെ സ്ഥാനവും അളവും മാറ്റരുതെന്നും എന്നാൽ ഭക്തർക്ക് പിടിച്ചുകയറാൻ കൈവരി നിർമിക്കാനും അനുവാദം നൽകിയതും ഇതേ ദേവപ്രശ്‌നത്തിലാണ്.
2014 ജൂൺ 18-ന് ബുധനാഴ്ചയാണ് ദേവപ്രശ്‌നം നടത്തിയത്. ഇതിലെ പ്രശ്‌നവിചാരങ്ങളുടെ അടിസ്ഥാനത്തിലാണ് 2017-ൽ ശബരിമലയിലെ കൊടിമരം പുതുക്കി പണിതത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ എല്ലാവരും തന്നെ വളരെ ശ്രദ്ധിക്കേണ്ടതാണ്. അപായം, വ്യവഹാരം, മാനഹാനി, ജയിൽവാസം മുതലായവയ്ക്കുള്ള സാധ്യതകൾ കാണുന്നുവെന്നാണ് ദേവപ്രശ്‌നത്തിൽ തെളിഞ്ഞത്.
അന്ന് ദേവപ്രശ്‌ന സമയത്ത് ശബരിമല ക്ഷേത്രവുമായി അടുത്ത് പ്രവർത്തിച്ചിരുന്നവർ തന്നെയാണ് ഇപ്പോൾ സ്വർണ്ണക്കൊള്ള കേസിൽ ജയിലിലുള്ളത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ വളരെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും ദേവപ്രശ്‌നത്തിൽ നൽകുന്നുണ്ട്. അശ്രദ്ധമായി ഉണ്ണികൃഷ്ണൻ പോറ്റിയെ പോലെയുള്ളവരെ ശബരിമലയിൽ കയറ്റിയതിന്റെ പരിണിതഫലമാണ് ഇപ്പോൾ മറ്റുള്ളവരും അനുഭവിക്കുന്നതെന്നാണ് ഉയരുന്ന വാദം.
ചെറുവള്ളി നാരായണൻ നമ്പൂതിരി, കൂറ്റനാട് രാവുണ്ണിപ്പണിക്കർ, തൃക്കുന്നപ്പുഴ ഉദയകുമാർ എന്നിവരാണ് ശബരിമലയിൽ ദേവപ്രശ്‌നം നടത്തിയത്. ഹിന്ദുവിശ്വാസമനുസരിച്ച് ക്ഷേത്രത്തിലെ ഏത് ദേവതാപ്രതിഷ്ഠയാണോ നടത്തിയിട്ടുള്ളത് ആ മൂർത്തിയ്ക്ക് അഹിതമായതു വല്ലതും ദേവാലയത്തിൽ നടന്നിട്ടുണ്ടോ എന്നു കണ്ടുപിടിക്കുന്നതിനായോ ദേവാലയത്തിൽ നടത്താനുദ്ദേശിക്കുന്ന പരിഷ്‌കാരങ്ങൾ ദേവനു ഹിതമായവയാണോ എന്നറിയുന്നതിനായോ ആണ് ദേവപ്രശ്‌നം നടത്തുന്നത്.


