തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിനം കേരള നിയമസഭാ പരിസരം ഒരു അസാധാരണ സംഭവത്തിന് സാക്ഷിയായി. സാധാരണ നിയമസഭയിൽ നടക്കുന്ന പ്രതിഷേധത്തിന് ശേഷം സഭ സ്തംഭിപ്പിച്ച് പുറത്തുവന്ന് മാധ്യമങ്ങളെ ആദ്യം അഭിമുഖീകരിക്കുക പ്രതിപക്ഷ നേതാക്കൾ ആയിരുന്നുവെങ്കിൽ ബുധനാഴ്ച ആ പതിവ് തെറ്റി. പ്രതിപക്ഷത്തേക്കാൾ മുൻപെ കെ.കെ ശൈലജയുടെ നേതൃത്വത്തിൽ ഇടതുനേതാക്കൾ സഭയ്ക്ക് പുറത്തെത്തി മാധ്യമങ്ങളെ കണ്ടു. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിനെ നിശിതമായി വിമർശിക്കുകയും ചെയ്തു. മാത്രമല്ല നയപ്രഖ്യാപന പ്രസംഗം തിരുത്തിയത് സംബന്ധിച്ചും വിശദമായി സംസാരിച്ചു.
ഭരണപക്ഷത്ത് നിന്ന് സാധാരണ മന്ത്രിമാർ അല്ലെങ്കിൽ എം.വി ഗോവിന്ദൻ അടക്കമുള്ളവരാണ് മാധ്യമങ്ങളെ കണ്ടിരുന്നതെങ്കിൽ ആ പതിവ് തെറ്റിച്ചാണ് കെ.കെ ശൈലജ മാധ്യമങ്ങളെ കണ്ടത്. മുഖ്യപ്രതികരണവുമായി കെ.കെ ശൈലജ എത്തിയതോടെ തുടർഭരണം പ്രതീക്ഷിക്കുന്ന എൽഡിഎഫ് കെ.കെ ശൈലജയെ മുൻ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നോ എന്ന സൂചനയ്ക്കും ഇടംനൽകുന്നതായി. അഞ്ചുവർഷത്തിനിടെ ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു സംഭവം. ഇതോടെയാണ് ശൈലജ മുന്നണിയുടെ മുഖമായി തിരഞ്ഞെടുപ്പിൽ മാറാനുള്ള സാധ്യത സജീവമാകുന്നത്. ഇത് തിരിച്ചറിഞ്ഞ് പ്രതിപക്ഷ നേതാക്കൾ ഇതിനെ റിഹേഴ്‌സൽ എന്ന് പറഞ്ഞ് പ്രതിരോധിച്ചെങ്കിലും ഈ നീക്കത്തെ അത്ര നിസ്സാരമായി കാണുന്നുമില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ ശൈലിമാറ്റണമെന്ന വിമർശനവും സിപിഎമ്മിലും സിപിഐയിലും ഉയർന്നത് തദ്ദേശഫലത്തിന് പിന്നാലെയുള്ള അവലോകനവേളകളിലാണ്. ഇതിന് പുറമെ കഴിഞ്ഞദിവസം വി.ഡി സതീശനാണ് പിണറായി വിജയനേക്കാൾ സ്വീകാര്യതയുള്ളത് എന്ന തരത്തിൽ സർവേകളും പുറത്തുവന്നിരുന്നു.
കെ.കെ ശൈലജയെ മുൻനിർത്തിയാൽ പാർട്ടിക്ക് കൂടുതൽ സ്വീകാര്യത കൈവരുമെന്ന ചിന്ത പാർട്ടിയിലുമുണ്ട്. തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ മുന്നിൽ നിന്ന് നയിക്കുമെങ്കിലും ശൈലജയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാനുള്ള നീക്കവുമുണ്ടായേക്കാം. പിണറായി വിജയൻ തന്നെയാകും മുന്നണിയെ നയിക്കുക എന്ന് പാർട്ടി ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അടുത്ത തവണയും പിണറായി മത്സരിക്കുമോ എന്ന് ഇതുവരെയും തീരുമാനമായിട്ടില്ല.
മന്ത്രിയായിരുന്ന കഴിഞ്ഞ ടേമിലെ പ്രകടനം കണക്കിലെടുക്കുമ്പോൾ ഈ നീക്കം നടത്തിയാൽ ക്രൗഡ് പുള്ളറായി ശൈലജ മാറുമെന്ന കണക്കുകൂട്ടലുമുണ്ട്. ഇടതുമുന്നണിയെ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ നയിക്കുമെന്നും എന്നാൽ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ പിന്നീടാണ് തീരുമാനമുണ്ടാവുകയെന്നും കഴിഞ്ഞ ദിവസം ജനറൽ സെക്രട്ടറി എം.എ ബേബി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ തവണ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ മട്ടന്നൂരിൽ നിന്ന് ജയിച്ചിട്ടും കെ.കെ ശൈലജയെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയത് വലിയ വിമർശനത്തിന് ഇടവെച്ചിരുന്നു. 60,963 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു കെ.കെ ശൈലജയ്ക് ലഭിച്ചത്. തുടർന്ന് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പക്ഷെ വടകരയിൽ നിന്ന് ജനവിധി തേടിയെങ്കിലും ഷാഫി പറമ്പിലിനോട് 1,14,506 വോട്ടിന്റെ ഭൂരിപക്ഷത്തിന് അടിയറവ് പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയടക്കമുള്ള വലിയ വിവാദങ്ങൾ സർക്കാരിനെതിരെ ഉയരുമ്പോൾ മൂന്നാം ഭരണം ഉറപ്പാക്കുക എന്നത് സിപിഎമ്മിനെ സംബന്ധിച്ച് അത്ര എളുപ്പമാവില്ല. മാത്രമല്ല നൂറ് സീറ്റിന്റെ ആത്മവിശ്വാസത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങിയ യുഡിഎഫ് ഭരണമുറപ്പിച്ചമട്ടിലുമാണ്. ഇതോടെയാണ് ഏതുവിധേനയും മൂന്നാംഭരണം ഉറപ്പിക്കുക ലക്ഷ്യമിട്ട് കെ.കെ ശൈലജയെ ഉയർത്തിക്കാട്ടിയുള്ള പ്രചാരണത്തിന് സി.പി.എം ആലോചിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ കെ.ആർ ഗൗരിയമ്മയ്ക്കും സുശീലാ ഗോപാലനും ശേഷം സിപിഎം ഉയർത്തിക്കാട്ടുന്ന വനിതാ മുഖ്യമന്ത്രിയായിരിക്കും കെ.കെ ശൈലജ. വിജയസാധ്യതയുള്ള സ്ഥാനാർഥികളെ നിർത്തുക എന്ന നിലപാടിലേക്ക് പോയാൽ ശൈലജ അടക്കമുള്ളവർക്ക് ടേം വ്യവസ്ഥയിൽ ഇളവും ലഭിച്ചേക്കാം


