ശബരിമല: സന്നിധാനത്ത് അനിയന്ത്രിതമായ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നതിനിടെ നിയന്ത്രണം ഏർപ്പെടുത്തി. വെർച്വൽ ക്യൂ വഴി ഒരുദിവസം ബുക്ക് ചെയ്യാവുന്നവരുടെ എണ്ണം 90,000ൽ നിന്നും 80,000 ആയാണ് വെട്ടിക്കുറച്ചത്. രണ്ട് മണിക്കൂർ കൂടി ദർശനസമയം കൂട്ടാനാകുമോ എന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചതിന് പിന്നാലെയാണ് ഇന്ന് ബുക്കിംഗിൽ നിയന്ത്രണം വന്നിരിക്കുന്നത്. ശബരിമലയിൽ ദർശനസമയം കൂട്ടാനാകില്ലെന്നാണ് തന്ത്രി അറിയിച്ചതെന്ന് ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ശനി,ഞായർ അവധി ദിവസങ്ങളെ തുടർന്ന് ശബരിമലയിലുണ്ടായ വൻ തിരക്ക് പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി. സന്നിധാനത്തും പമ്പയിലും കൂടുതൽ പൊലീസിനെ വിന്യസിച്ച് തിരക്ക് നിയന്ത്രിച്ചു വരികയാണെന്നാണ് വിവരം.ദർശനത്തിന് ക്യൂ നിൽക്കുന്നവരെ വേഗത്തിൽ കയറ്റിവിടാൻ പൊലീസിനും ദേവസ്വം അധികൃതർക്കും മന്ത്രി നിർദേശം നൽകി.തീർത്ഥാടകർക്കായി കൂടുതൽ ആരോഗ്യ സംവിധാനങ്ങളും ആംബുലൻസും ക്രമീകരിക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ ശബരിമല ദർശനത്തിനെത്തിയ പെൺകുട്ടി അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് സ്വദേശിയായ 10വയസുകാരിയാണ് ഇന്ന് ഉച്ചയോടെ കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സേലം സ്വദേശിയായ പത്മശ്രീയാണ് മരിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള സംഘത്തോടൊപ്പമാണ് കുട്ടി ദർശനത്തിനായി എത്തിയത്. കുട്ടിയ്ക്ക് മൂന്നുവയസ് മുതൽ തന്നെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം. മൃതദേഹം പമ്പ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.