പാലക്കാട് : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട 2018 വിധി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ട പുതിയ വിധിയിൽ നിയമപരമായി സ്റ്റേ ഇല്ലെങ്കിലും പ്രായോഗികമായി ഉണ്ടെന്നു നിയമ മന്ത്രി എ കെ ബാലൻ. ശബരിമല ഉള്‍പ്പേടേയുള്ള വിശ്വാസങ്ങളുടെ കാര്യങ്ങള്‍ ഏഴംഗ വിശാല ബെഞ്ചിനു വിട്ടതോടെ അത് റീ ഓപ്പൺ ചെയ്ത നിലയിലായെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിന് കോടതി വിധിയെ അടിസ്ഥാനമാക്കിക്കൊണ്ട് മാത്രമേ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കു. ഇപ്പോള്‍ നമ്മുടെ മുന്നില്‍ ഒരു പ്രശ്നം വന്നു കഴിഞ്ഞു. നവംബര്‍ 14 ലെ വിധി വന്നതോടെ 2018 സെപ്റ്റംബര്‍ 28 ലെ വിധി സ്റ്റേ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്നമെന്നും നവോത്ഥാന ആശയങ്ങൾ ഉയർത്തിപ്പിടിച്ച് സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
അതോടപ്പം തന്നെ വാളയാറിൽ പീഡനത്തിനിരയായി പെൺകുട്ടികൾ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണത്തിനെ മന്ത്രി എകെ ബാലൻ വിമർശിച്ചു. പ്രോസിക്യൂഷന്‍റെയും അന്വേഷണ സംഘത്തിന്‍റെയും വീഴ്ചകൾ സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ട്. ഇനിയൊരു അന്വേഷണ സംഘവും ഇങ്ങനെ വൃത്തികെട്ട രീതിയിൽ അന്വേഷണം നടത്തരുതെന്നും, അതിനുള്ള നടപടി സര്‍ക്കാര്‍ എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം വീഴ്ചകൾ ഇനി ആവര്‍ത്തിക്കാതിരിക്കാൻ കര്‍ശന നടപടി ഉണ്ടാകും. ആ നടപടികൾ വരും ദിവസങ്ങളിൽ കാണാൻ സാധിക്കും. ഇനിയൊരു പ്രോസിക്യൂഷനും ഈ രീതിയിൽ കേസ് നടത്തരുത് . വാളയാർ വിഷയത്തിൽ ശക്തമായ നടപടി സർക്കാർ എടുക്കുമെന്നും, , വരും ദിവസങ്ങളിൽ അത് കാണുമെന്നും എ കെ ബാലൻ വ്യക്തമാക്കി