ഫുട്ബോള്‍ വാങ്ങാന്‍ യോഗം ചേര്‍ന്ന കുട്ടിക്കൂട്ടം വെള്ളിത്തിരയിലേക്ക്; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി അഞ്ജലി നായര്‍
നിലമ്പൂരില്‍ ഫുട്ബോള്‍ വാങ്ങാന്‍ യോഗം ചേര്‍ന്ന കുട്ടിപ്പട്ടാളത്തിന് വീണ്ടും സന്തോഷ വാര്‍ത്ത. ഫുഡ്‌ബോള്‍ വാങ്ങാന്‍ ചേര്‍ന്ന വീഡിയോ വൈറലായതോടെ ഒരുപാട് പേര്‍ സഹായങ്ങളുമായി രംഗത്തെത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് കലൂര്‍ സ്റ്റേഡിയത്തിലേക്ക് ഇവരെ ക്ഷണിക്കുകയും ചെയ്തിരുന്നു. ആ കുട്ടികള്‍ ഇനി സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ക്ലബ് എഫ് എമ്മിലൂടെ ആര്‍ ജെ ശിഖയുമായി സംസാരിക്കവെ അഞ്ജലി നായരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മൈതാനം എന്ന അഞ്ജലി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലേക്കാണ് കുട്ടികളെ തെരഞ്ഞെടുത്തത്. അല്‍ത്താഫ് അന്‍സാര്‍ എന്ന പന്ത്രണ്ടു വയസ്സുകാരന്‍ സ്വന്തം വാപ്പച്ചിയോട് കഥ പോലെ പറഞ്ഞ സംഭവമാണ് മൈതാനം എന്ന പേരില്‍ സിനിമയാകുന്നത്. അല്‍ത്താഫിന്റെ പിതാവ് അന്‍സാറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍മിക്കുന്നത്. കളിക്കാരായിട്ടായിരിക്കും ഈ കുട്ടികള്‍ അഭിനയിക്കുക. ആവ്നി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.