തിരുവനന്തപുരം: അങ്കമാലി – എരുമേലി ശബരി റെയിൽ പദ്ധതിയ്ക്ക് പകരം ചെങ്ങന്നൂർ – പമ്പ ആകാശ റെയിൽപാതയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ആകാശറെയിൽപാതയ്ക്കാണ് കേന്ദ്രം മുൻഗണന നൽകുന്നതെന്ന സന്ദേശം കേരളത്തിന് കേന്ദ്ര സർക്കാർ കൈമാറിയെന്ന് മലയാള മനോരമയാണ് റിപ്പോർട്ട് ചെയ്തത്. ചെങ്ങന്നൂർ പമ്പ പാതയുടെ അലൈമെന്‍റ് നിശ്ചയിക്കുന്നതിനുള്ള പ്രാരംഭ സർവേ സർക്കാർ നടത്തിവരികയാണ്.
9000 കോടി രൂപ ചെലവ് വരുന്ന 76 കിലോമീറ്റർ ആകാശപാതയാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. ശബരിമലയിലേക്കുള്ള തീർഥാടകരെ ചെങ്ങന്നൂരിൽ നിന്ന് വേഗത്തിൽ പമ്പയിലെത്തിക്കാനാകുന്ന തരത്തിലുള്ള പാതയാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ആറന്മുളയിൽ മാത്രമാകും സ്റ്റോപ്പെന്നും റിപ്പോർട്ട് പറയുന്നു.
അങ്കമാലി എരുമേലി ശബരി പാതയ്ക്ക് ബദലായുള്ള ആകാശപാതയ്ക്ക് താത്പര്യമെടുക്കുന്നതും ഇ ശ്രീധരനാണ്. നേരത്തെ രണ്ട് പദ്ധതികളുടെയും ഡിപിആർ പരിശോധിച്ച് തീരുമാനം എന്ന നിലപാടിലായിരുന്ന കേന്ദ്രം. എന്നാൽ ആകാശപാതയോടാണ് താത്പര്യമെന്ന് നിലവിൽ അനൗദ്യോഗികമായി അറിയിച്ചെന്നും റിപ്പോർട്ട് പറയുന്നുണ്ട്.
ശബരിമല തീർഥാടകർക്കൊപ്പം ഹൈറേഞ്ച് മേഖലയ്ക്ക് റെയിൽ യാത്രാസൗകര്യം എന്നതുകൂടി പരിഗണിച്ച് അങ്കമാലി – എരുമേലി പാത ആദ്യം നടപ്പിലാക്കാനാണ് സംസ്ഥാന സർക്കാരിന് താൽപ്പര്യം. ഈ പദ്ധതിയുടെ പകുതിച്ചെലവ് സംസ്ഥാനമാണ് വഹിക്കുക. കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരം 3810 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന എസ്റ്റിമേറ്റ് സംസ്ഥാനം തയ്യാറാക്കി സമർപ്പിക്കുകയും ചെയ്തിരുന്നു.