NationalNews

യമുനയിൽ ജലനിരപ്പ് കുറയുന്നില്ല,വെള്ളത്തിൽ മുങ്ങി ഡൽഹി;ജലം സുപ്രീം കോടതിവരെയെത്തി സൈന്യത്തിൻറെ സഹായം തേടി

ന്യൂഡല്‍ഹി:യമുനാ നദി കരകവിഞ്ഞതിനേത്തുടർന്ന് ഡൽഹി നഗരത്തിലുണ്ടായ വെള്ളപ്പൊക്ക ദുരിതം തുടരുന്നു. കിഴക്കന്‍ പ്രദേശങ്ങളിലാണ് കൂടുതലായും വെള്ളക്കെട്ട് തുടരുന്നത്. രാജ്ഘട്ട് ഉള്‍പ്പടെ നഗരത്തിലെ പല പ്രധാന മേഖലകളും വെള്ളത്തിലായതോടെ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ജലശുദ്ധീകരണ ശാലകളും ശ്മാശനങ്ങളുംവരെ അടച്ചിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലയായ ഐ.ടി.ഓ. പൂര്‍ണമായും വെള്ളത്തിലാണ്. പ്രദേശത്തെ ജലനിര്‍ഗമന സംവിധാനം തകരാറിലായതാണ് വെള്ളക്കെട്ട് ഉണ്ടാകാന്‍ കാരണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. തകരാര്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും ഇതിനായി സൈന്യത്തിന്റെയും ദുരന്തനിവാരണ സേനയുടേയും സഹായം ആവശ്യപ്പെടാന്‍ ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

പലയിടങ്ങളിലും ഡ്രെയിനേജ് സംവിധാനം തകരാറിലായതാണ് വെള്ളക്കെട്ട് ഗുരുതരമാക്കിയത്. പൊട്ടി വീണ ലൈൻ കമ്പികളിൽ നിന്ന് വഴിയാത്രക്കാർക്ക് വൈദ്യുതാഘാതമേൽക്കുന്ന സ്ഥിതിയുമുണ്ടായതോടെ പലയിടത്തും വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്.

പല മേഖലകളിലും ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വ്യാഴാഴ്ച രാത്രിയോടെ യമുനയിലെ ജലനിരപ്പ് 208.66 മീറ്റര്‍ എത്തിയിരുന്നു. ജലനിരപ്പ് കുറയുന്നില്ല എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. നിലവില്‍ ഡല്‍ഹിയില്‍ മഴയില്ല എന്നത് ആശ്വാസകരമാണ്. മഴപെയ്യുന്ന സാഹചര്യമുണ്ടായാല്‍ സ്ഥിതി ഗൗരവതരമായേക്കും.

യമുന ബസാര്‍, ഐ.ടി.ഒ, രാജ്ഘട്ട്, ഐ.എസ്.ബി.ടി. ബസ് സ്റ്റാന്റ്, കശ്മീരി ഗേറ്റ്, മജ്‌ലു കട്‌ല, ടിബറ്റന്‍ മാര്‍ക്കറ്റ്, മയൂര്‍ വിഹാര്‍ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും വെള്ളക്കെട്ട് രൂപപ്പെട്ടത്. കൂടുതലിടങ്ങളിലേക്ക് വെള്ളക്കെട്ടെത്തുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. സുപ്രീം കോടതി പരിസരങ്ങളിലേക്കും വെള്ളമെത്തി. കുടിവെള്ള വിതരണവും വൈദ്യുതി തടസ്സവും നേരിടുമെന്ന് അധികൃതര്‍ അറിയിച്ചു.

എന്നാല്‍, ഡല്‍ഹിയിൽ എല്ലായിടത്തും വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടില്ല. മറ്റു സ്ഥലങ്ങള്‍ സുരക്ഷിതമായതു കൊണ്ടുതന്നെ പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ നിന്ന് ഈ മേഖലകളിലേക്ക് ആളുകളെ മാറ്റിപാര്‍പ്പിക്കുകയാണ്. പതിനാറായിരത്തിലധികം ആളുകളെ ഇതിനകം ക്യാമ്പുകളിലേക്ക് മാറ്റി.

നഗരത്തില്‍ എന്‍.ഡി.ആര്‍.എഫ്. ദൗത്യസേനയേയും സൈന്യത്തേയും മുഴുവന്‍ സമയം വിന്യസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്ഘട്ട്, ഐ.എസ്.ബി.ടി., കശ്മീരി ഗേറ്റ് എന്നിവിടങ്ങളിലേക്ക് ഗീതാ കോളനി ഫ്‌ളൈ ഓവറില്‍ നിന്നുള്ള ഗതാഗതം പൂര്‍ണമായും തടഞ്ഞു.

ഹത്നികുണ്ഡ് അണക്കെട്ടിൽ നിന്ന് ഇനിയും വെള്ളം തുറന്നുവിട്ടാൽ ഡൽഹിയിലെ സ്ഥിതി രൂക്ഷമാകും. ഹിമാചൽ പ്രദേശ്, ഹരിയാന ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ മഴ കനക്കുന്ന സാഹചര്യമുണ്ടായാൽ അണക്കെട്ട് തുറന്നുവിടേണ്ടി വന്നേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker